കോഴിക്കോട് : ജൈവകൃഷിയിലൂടെ ജൈവ ജീവിതം എന്ന മുദ്രാവാക്യവുമായി കേരള ജൈവ കർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം മുളിയങ്ങൽ ചെറുവാളൂർ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നടന്നു. ഉദ്ഘാടന സമ്മേളനം, സംഘടനാ സമ്മേളനം, ജൈവ കൃഷി ക്ലാസ്, ജൈവ ഭക്ഷണം, വിത്ത് കൈമാറ്റം തുടങ്ങിയവ ഉണ്ടായിരുന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ജൈവ കർഷക സമിതി ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ ചേനോളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, ശോഭന വൈശാഖ്, കെ.പി. ഉണ്ണി ഗോപാലൻ, വി.എം. മനോജ്, വി. പവിത്രൻ, ടി. ദാമോദരൻ, മുഹമ്മദ് ഇഖ്ബാൽ, ഡോ. പത്മനാഭൻ ഊരാളുങ്കൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വി. അശോക് കുമാർ 'ജൈവകൃഷി എന്ത്, എങ്ങനെ, എന്തിന്' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി ടി.കെ. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.