ഫ്രഷ്ബാഗ് കൈകളിലേക്ക്

കോഴിക്കോട്: പ്ലാസ്റ്റിക്കിനെ തുരത്താൻ കുടുബശ്രീ ശ്രമം വിജയത്തിലേക്ക്. പ്ലാസ്റ്റിക് വിരുദ്ധ മുന്നേറ്റത്തിന് കരുത്തേകാൻ കുടുംബശ്രീ ആരംഭിച്ച ഫ്രഷ് ബാഗ് തുണി സഞ്ചികൾ ഉപഭോക്താക്കളിലേക്ക് എത്തുന്നു. ജനുവരി ഒന്നിന് ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം വരുമ്പോൾ ജനങ്ങൾക്ക് കുടുംബശ്രീയെ ആശ്രയിക്കാം.

പത്ത് മുതൽ നൂറു രൂപവരെയാണ് വില ഈടാക്കുന്നത്. മടക്കി സൂക്ഷിക്കാവുന്നതും ചിത്രപണികൾ ചെയ്തതുമായ വിവിധ തരം തുണി സഞ്ചികളാണ് കുടുംബശ്രീ ഒരുക്കുന്നത്.

കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീയാണ് ഫ്രഷ് ബാഗ് പദ്ധതി പ്രകാരം നിർമിച്ച തുണി സഞ്ചികൾ വിപണിയിലെത്തിക്കുന്നത്. തുണി സഞ്ചികളുടെ വിൽപനയും പ്രദർശനവും 31ന് രാവിലെ പത്ത് മുതൽ ടാഗോർ ഹാളിൽ നടത്തും. ചെറുതും വലുതുമായ നൂറിൽ പരം സഞ്ചികളാണ് പ്രദർശനത്തിൽ ഉണ്ടാകുക. ഇവ വാങ്ങിക്കാനും ഓഡർ നൽകാനും സൗകര്യം ഏർപ്പെടുത്തും.

ഒരു കോർപ്പറേഷൻ വാർഡിൽ രണ്ട് ഫ്രഷ് ബാഗ് നിർമാണ യൂണിറ്റാണ് പ്രവർത്തിക്കുക. 75 വാർഡുകളിൽ നിന്നായി 150 നിർമാണ യൂണിറ്റുകളുണ്ടാകും.

പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനും ബദൽ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും കൂടുതൽ വനിതകളെ തൊഴിൽ രംഗത്തേക്ക് കൈപിടിച്ചുയർത്തുകയുമാണ് കുടുംബശ്രീയുടെ ലക്ഷ്യം.

എണ്ണൂറോളം പേർക്ക് തൊഴിൽ

ഓരോ യൂണിറ്റിലും അഞ്ച് മുതൽ പത്ത് പേർ‌ക്ക് വരെ തൊഴിലുണ്ടാകും. ലഭിക്കുന്ന ഓർഡറുകൾ അനുസരിച്ചാകും സഞ്ചികളുടെ നിർമാണം. 150 യൂണിറ്റിലുമായി 800 പേർ തുണി സഞ്ചി നിർമാണത്തിൽ പങ്കാളികളാകും.

തുണിസഞ്ചി നിർമാണത്തിന് പുറമെ കൂടുതൽ പ്ലാസ്റ്റിക്കിനെതിരായ മറ്റ് പ്രവർത്തനങ്ങൾ കൂടി കുടുംബശ്രീ നടത്തും. പേപ്പർ ഗ്ലാസുകൾക്കും പ്ലേറ്റുകൾക്കും പകരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും വാടകയ്ക്ക് നൽകുന്ന പദ്ധതി കൂടുതൽ ശക്തമാക്കും. 7500 പ്ലേറ്റുകളും ഗ്ലാസുകളും ഇപ്പോൾ ഇത്തരത്തിൽ വാടകയ്ക്ക് നൽകുന്നുണ്ട്.10000 ആയി വർദ്ധിപ്പിക്കും. വാടകയ്ക്കുള്ള സ്റ്റീൽ പാത്രങ്ങളുടെ ഓർഡർ നൽകാനുള്ള സൗകര്യം പ്രദർശനത്തിൽ ഉണ്ടാകും.