കോഴിക്കോട്: കേരള ഗവർണർ സംസാരിക്കുന്നത് ബി.ജെ.പി വക്താവിനെ പോലെയാണെന്ന് പ്രമുഖ ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് നിയമസഭാംഗവുമായ ജിഗ്‌നേഷ് മേവാനി പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭ യോഗങ്ങളിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ മേവാനി കോഴിക്കോട് പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു .
ഗവർണർ പദവിക്ക് നിരക്കാത്ത പ്രസ്താവനകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ദേശീയതലത്തിൽ ബഹുജന പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പൗരത്വ നിയമ ഭേദഗതിയും എൻ. ആർ സിയും ഇല്ലാതാക്കാൻ സാധിക്കുകയുള്ളു.സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 20 ലക്ഷം യുവാക്കൾ പ്രക്ഷോഭത്തിൽ ഇറങ്ങുന്നത്. രാജ്യത്ത് ഉയർന്ന് വന്നിരിക്കുന്ന പ്രക്ഷോഭങ്ങളെ വഴി തെറ്റിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കള്ളം പറയുകയാണ്.2002 മുതൽ ഇന്ന് വരെ നരേന്ദ്ര മോദിക്ക് ഒരു മുഖം മാത്രമയെയുള്ളു. അത് വർഗീയതയുടെ മുഖമാണ്.
യു.പി സംസ്ഥാനം സിറിയയായി മാറിയിരിക്കുകയാണ്.ഒരു പ്രത്യേക മതവിഭാഗത്തിൽപെട്ടവരെ മാത്രം ഉന്നം വച്ചാണ് വെടിവച്ചത്. ഇവരിൽ പലരും പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ ആയിരുന്നില്ല അദ്ദേഹം പറഞ്ഞു. മുസ്ളിം യൂത്ത് ലീഗിന്റെ പ്രതിനിധികൾ യു.പിയിൽ പര്യടനം നടത്തി വസ്തുതകൾ ശേഖരിച്ച്കൊണ്ടിരിക്കുകയാണെന്നും വസ്തുതാ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുമെന്നും മേവാനിയോടൊപ്പം ഉണ്ടായിരുന്ന മുസ്ളിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു.