a
ഗുരുകുലം ആര്‍ട് ഗാലറിയിൽ ഒരുങ്ങിയ ചിത്രപ്രദർശനത്തിൽ നിന്ന്


കോഴിക്കോട്: ജപ്പാനിലെ പ്രശസ്തമായ മാംഗ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം കോളേജ് ഒഫ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ അഹമ്മദ് അസിം. ജപ്പാന്‍ ചിത്രകലാശൈലിയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് മനുഷ്യരൂപങ്ങളുടെ പ്രത്യേക ഭാവങ്ങള്‍ ചിത്രീകരിച്ച 80 ലധികം ചിത്രങ്ങളാണ് ഗുരുകുലം ആര്‍ട് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിൻെറ അവസാനകാലഘട്ടത്തിൽ ജപ്പാനിൽ ഉരുത്തിരുഞ്ഞ തനതായ കാർട്ടൂണുകളാണ് മാംഗ. ബാലസാഹിത്യങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ചിത്ര രചനാ രീതിയാണ് ഇത്.
ചിത്രകലയില്‍ താല്പര്യമുണ്ടായിരുന്ന അസിം യൂടൂബ് വഴിയാണ് മാംഗ ചിത്ര വര സ്വായത്തമാക്കിയത്. പ്രദര്‍ശനം ചിത്രകാരനും കസ്റ്റംസ് ആൻഡ് ഇന്റലിജെന്‍സ് അസി.കമ്മീഷണറുമായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക ഇഖ്‌റ ഇൻറര്‍ നാഷണല്‍ ഹോസ്പിറ്റലിലെ നിര്‍ധനരായ രോഗികളുടെ ചികിത്സയ്ക്കും മുക്കം പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കുമെന്ന് ചിത്രകാരനായ അഹമദ് അസിം പറഞ്ഞു. ജെ.ഡി.റ്റി ഇസ്‌ലാം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പലായ കെ.കെ ഹമീദിന്റെയും കൊളത്തറ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപികയായ എഫ്.കെ ആരിഫയുടെയും മകനാണ്. ജനുവരി രണ്ടിന് പ്രദർശനം സമാപിക്കും.