കോഴിക്കോട്: കേരള മുസ്‌ലിംകളെ സമഗ്രമായി പഠനവിധേയമാക്കുന്ന ഇന്റര്‍നാഷണല്‍ അക്കാഡമിക് കോണ്‍ക്ലേവിന് ചെമ്മാട് ദാറുല്‍ഹുദാ കാമ്പസ് വേദിയാകും. എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 3,4,5 തിയതികളിലാണ് പരിപാടി.

കേരളത്തിലെയും പുറത്തെയും വിവിധ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി ഇരുന്നൂറോളം ഗവേഷകര്‍ പരിപാടിയില്‍ വിവിധ വിഷയങ്ങളെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.25 സെഷനുകളിലായി മുസ്‌രിസ്, പൊന്നാനി, തിരൂരങ്ങാടി, ചാലിയം എന്നീ നാല് വേദികളിലായാണ് നടക്കുക.

കേരളമുസ്‌ലിം ചരിത്രം, സാഹിത്യം, രാഷ്ട്രീയം, തത്ത്വചിന്ത, സൂഫിസം തുടങ്ങി വിവിധ മേഖലകളെ കുറിച്ച് നടന്നുവരുന്ന പുതുവായനകളെയും പുനര്‍വായനകളെയും സമ്മേളിപ്പിക്കുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമാക്കുന്നത്. മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.