കൽപ്പറ്റ: സ്ത്രീകൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉണർത്തുന്നതിനും നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതുയിടങ്ങൾ തിരിച്ചുപിടിക്കുന്നതിനുമായി 'പൊതു ഇടം എന്റേതും" എന്ന പേരിൽ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നിർഭയ ദിനത്തിലാണ് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ നഗരസഭകൾ കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളിൽ നൈറ്റ് വാക്ക് നടത്തിയത്.

സർക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി സ്ത്രീ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാത്രി 11 മുതൽ പുലർച്ചെ ഒരു മണി വരെ നൈറ്റ് വാക്ക് സംഘടിപ്പിച്ചത്.

മാനന്തവാടിയിൽ നടന്ന നൈറ്റ് വാക്ക് മുനിസിപ്പൽ ചെയർമാൻ വി.ആർ പ്രവീജ് ക്രിക്കറ്റ് താരം സജ്ന സജീവന് ദീപം കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ എ നിസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ആർ സന്ധ്യ നേതൃത്വം നൽകി.

കൽപ്പറ്റ ജംഗ്ഷൻ മുതൽ ബൈപ്പാസ് വഴി കൈനാട്ടി, പിണങ്ങോട് റോഡ്, മാനന്തവാടി തലശ്ശേരി റോഡ്, മൈസൂർ റോഡ്, താഴെയങ്ങാടി റോഡ്, വള്ളിയൂർക്കാവ് റോഡ്, കോഴിക്കോട് റോഡ്, സുൽത്താൻ ബത്തേരി ജംഗ്ഷൻ മൈസൂർ റോഡ്, ചീരാൽ റോഡ് എന്നിവിടങ്ങളിലാണ് നൈറ്റ് വാക്ക് നടന്നത്.

ചിലർ ഒറ്റയ്ക്കും, ചിലർ രണ്ടോ മൂന്നോ സംഘങ്ങളായുമാണ് നൈറ്റ് വാക്കിൽ പങ്കെടുത്തത്.അടിയന്തിര സാഹചര്യത്തിന് ഉപയോഗിക്കുന്നതിനായി എല്ലാവരും കൈവശം വിസിൽ കരുതിയിരുന്നു.

നൂറോളം വനിതകൾ കേന്ദ്രങ്ങളിലെത്തി രാത്രി നടത്തത്തിൽ പങ്കാളികളായി. ജനപ്രതിനിധികൾ, കലാ സാംസ്‌ക്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.