മാനന്തവാടി: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കോറോം അങ്ങാടിയോട്‌ ചേർന്ന പ്രദേശങ്ങളിൽ വയൽ നികത്തൽ വ്യാപകം. റവന്യു ഉന്നതരുടെയും പൊലീസിന്റെയും പഞ്ചായത്തിന്റെയും ഒത്താശയോടെയാണ് വയൽ നികത്തലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

റോഡ് വീതി കൂട്ടലിന്റെ ഭാഗമായി ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുൻവശങ്ങൾ പൊളിച്ച് നീക്കിയിരുന്നു. ഇതിന്റെ മറവിലാണ് വൻതോതിൽ വയലുകളിൽ മണ്ണിട്ട് നികത്തി അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തു പോലും ഏക്കർ കണക്കിന് വയലുകളിലാണ് മണ്ണിടുന്നത്.

കെട്ടിടാവശിഷ്ടങ്ങൾ നിക്ഷേപിച്ച് അധികൃതരുടെ കണ്ണിൽ പൊടിയിടുകയും പിന്നീട് രാത്രി പുറമെ നിന്ന് മണ്ണ് കൊണ്ടുവന്ന് നിറച്ച് വയലുകൾ തരം മാറ്റുകയുമാണ് ചെയ്യുന്നത്.

ഇതിനെതിരെ പരാതി നൽകുന്നവരെ ഭീഷിണിപ്പെടുത്തുന്നതായും പറയുന്നു. ഭീഷണി വകവെക്കാതെ തഹസിൽദാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഭരണ സ്വാധീനത്താൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിക്കാർ ആരോപിച്ചു.

പരിസ്ഥിതി പ്രവർത്തകരും പ്രമുഖ രാഷ്ട്രീയ കക്ഷികളും ഈ നിയമലംഘനം കണ്ടില്ലെന്ന നിലപാടിലാണ്. അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് രാഷ്ട്രീയേതര യുവജന സംഘടനകൾ തയ്യാറെടുക്കുകയാണ്.