മുക്കം: അടുക്കളയിൽ കളിക്കുന്നതിനിടെ അലുമിനിയ പാത്രത്തിൽ തല കുടുങ്ങിയ മൂന്നു വയസുകാരന് ഫയർഫോഴ്സ് രക്ഷകരായി. തിങ്കളാഴ്ച രാവിലെ 11.45 ഓടെയാണ് കാരമൂലകളരിക്കണ്ടിയിൽ രജീഷ് - ദീപ്തി ദമ്പതികളുടെ മകൻ അദ്വിഖ് എന്ന മൂന്നു വയസ്സുകാരന്റെ തല പാത്രത്തിൽ കുടുങ്ങിയത്.തല പാത്രത്തിൽ നിന്ന് പുറത്തെടുക്കാനുള്ള എല്ലാ ശ്രമവും വിഫലമായതോടെ മുക്കം ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ജയപ്രകാശിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചു മാറ്റി മൂന്നു വയസ്സുകാരന്റെ തല പുറത്തെടുക്കുകയായിരുന്നു.