മാനന്തവാടി: മാനന്തവാടി എം.ജി.എം.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയ ചടങ്ങിൽ രണ്ടായിരത്തോളം പേരെ സാക്ഷിനിർത്തി റിഷാനയുടെ കഴുത്തിൽ റഷീദ് മിന്നുചാർത്തി. പ്രളയം കവർന്ന വയനാട്ടിലെ തോട്ടം തൊഴിലാളി മേഖലയിലെ യുവതിയുടെ വിവാഹം സ്‌കൂളിൽ കുട്ടികൾ ഏറ്റെടുത്തു നടത്തുകയായിരുന്നു. വധുവിനും വരനും വേണ്ട ആഭരണങ്ങളും വസ്ത്രങ്ങളും കുട്ടികളാണ് നൽകിയത്.
വെള്ളമുണ്ട റെയിഞ്ച് സെക്രട്ടറി ജാഫർ സഅദി നിക്കാഹിന് നേതൃത്വം നൽകി. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.അടക്കമുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള അനുമോദന യോഗം ഐ സി ബാലകൃഷ്ണൻ എം എൽ എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ്, മുൻമന്ത്രി പി.കെ.ജയലക്ഷ്മി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, നഗരസഭാ കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, സീമന്തിനിസുരേഷ്,എം.ജി.എം.സ്‌കൂൾ മാനേജർ ഫാ. സക്കറിയ, പ്രിൻസിപ്പാൾ മാത്യു സക്കറിയ,ഫാ.ജോൺ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് രണ്ടായിരത്തോളം പേർക്ക് വിഭവ സമൃദ്ധമായ സദ്യയും മാപ്പിള കലകളുടെ അവതരണവും നടന്നു.