വെള്ളമുണ്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫുട്‌ബോൾ ടൂർണ്ണമെന്റിനിടയിലും പ്രതിഷേധം. വെള്ളമുണ്ടയിൽ നടക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ ഇടവേളയിലാണ് കാണികൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഐ.എം വിജയൻ ,ആസിഫ് സഹീർ തുടങ്ങിയവർ പങ്കെടുത്ത ലെജൻട്രി മാച്ചിന്റെ ആദ്യപകുതിയിലാണ് ഗ്യാലറിയിൽ നിന്ന് ആസാദി വിളികളുയർത്തി യുവാക്കൾ പൗരത്വ നിയമത്തിനെതിരായുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്.

സ്‌നേഹത്തിൽ കഴിയുന്ന ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്നും നോ എൻ.ആർ.സി, നോ സി.എ.ബി തുടങ്ങിയ മുദ്രാവാക്യങ്ങളുമെഴുതിയ ബാനറുകൾ ഉയർത്തിക്കാട്ടിയായിരുന്നു മുദ്യാവാക്യം വിളികളുയർന്നത്. മുവ്വായിരത്തോളം പേർ പങ്കെടുത്ത ടൂർണ്ണമെന്റിലെ ഗ്യാലറികളിലരുന്നവർ ഫോണുകളിൽ പ്രകാശം കാണിച്ച് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.