വടകര: രാജ്യത്തെ ജനങ്ങളുടെ പൗരത്വരേഖ ആവശ്യപ്പെടുന്ന നരേന്ദ്രമേദി ആദ്യം സ്വന്തം ഡിഗ്രി സര്‍ട്ടിഫിക്കറ്റും ജനനസര്‍ട്ടിഫിക്കറ്റും വിവാഹ സര്‍ട്ടിഫിക്കറ്റുമെല്ലാം കാണിക്കട്ടെയെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ ഏറാമല പഞ്ചായത്ത് മതേതരത്വ സംരക്ഷണ സമിതി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തില്‍ ധീരമായ ചരിത്രം രചിച്ച ഭഗത്സിങ് അടക്കമുള്ളവരുടെ പിന്‍മുറക്കാര്‍പോലും പൗരത്വം തെളിയിക്കാന്‍ പെടാപാട്‌പെടണമെന്നതാണ് പൗരത്വനിയമംകൊണ്ടുണ്ടാകുന്ന ഗതികേട്. ഞാനും മോദിയും അമിത്ഷായുമെല്ലാം ഗുജറാത്തില്‍ നിന്നു വരുന്നവരാണ് ഒരു വ്യത്യാസം മാത്രമെയുള്ളു ഞാന്‍ ജനങ്ങളോടൊപ്പമാണ് അവരാകട്ടെ ജനങ്ങള്‍ക്കെതിരും. ഈ നിയമം രാജ്യത്തെ മുസ്ലിംങ്ങള്‍ക്കുമാത്രം എതിരായുള്ളതല്ല മറിച്ച്, രാജ്യത്തെ ദളിതര്‍ക്കും ആദിവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം എതിരാണ്. പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും കൈവശമില്ലാത്ത രാജ്യത്തെ ലക്ഷക്കണക്കിന് ആദിവാസികളും ദളിതരും സംഘപരിവാര്‍ ഒരുക്കുന്ന ഡിറ്റക്ഷന്‍ ക്യാംപുകളിലേക്ക് ആനയിക്കപ്പെടും. പൗരത്വ നിയമഭേദഗതി തെരുവില്‍ കത്തിച്ചുകൊണ്ട് പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ മമതേതരത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ നിഷ, മനയത്ത് ചന്ദ്രന്‍, സി.കെ സുബൈര്‍, എന്‍.വേണു, എടയത്ത് ശ്രീധരന്‍, സി.എ കരീം, അജയ് ആവള, പി.പി രാജന്‍, എന്‍.ബാലകൃഷ്ണന്‍, പി.പി ജാഫര്‍ സംസാരിച്ചു.