കോഴിക്കോട്: ആഹ്ലാദവും സന്തോഷവും പങ്ക് വച്ച് പുതിയ പ്രതീക്ഷകളുടെയും പ്രതിജ്ഞകളുടെയും നല്ല നാളുകളിലേക്ക് കടന്നിരിക്കുകയാണ് നഗരവും നാടും. 2019 സമ്മാനിച്ച കഷ്ടപ്പാടുകൾക്കും സങ്കടങ്ങൾക്കും വിട പറഞ്ഞ് പാട്ടു പാടിയും മധുരം പങ്കുവെച്ചുമാണ് പ്രതീക്ഷയുടെ 2020 തിനെ പലരും സ്വീകരിച്ചത്. പുതു വർഷത്തെ വരവേൽക്കാൻ വിവിധ പരിപാടികളാണ് നഗരത്തിലുടനീളം ഒരുക്കിയത്. വെെകുന്നേരങ്ങളിൽ ബീച്ചും,​ മാനാഞ്ചിറയും മിഠായിത്തെരുവും ഒരു പോലെ ജനങ്ങളാൽ സമ്പന്നമായിരുന്നു. കുടുംബങ്ങളുമായി പുതു വർഷത്തെ സ്വാഗതം ചെയ്യാനെത്തിയവർ, കളിചിരിയുമായെത്തിയ യുവതീ യുവാക്കന്മാർ, കുട്ടികൾ, പ്രായമായവർ എല്ലാവരുടെയും കണ്ണുകളിൽ പ്രതീക്ഷകൾ മാത്രം.

@ ആഷോഷങ്ങളാൽ സമ്പന്നമായ രാത്രി

പുതു വർഷത്തെ വരവേൽക്കാൻ നഗരത്തിലെ ഹോട്ടലുകളും മാളുകളും ഡി.ജെ നെെറ്റുൾ,സമ്മാനങ്ങൾ, ഡിന്നറുകൾ തുടങ്ങിയവ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ജില്ലാ കൗൺസിലിൻെറയും ടൂറിസം പ്രമോഷൻെറയും നേതൃത്വത്തിൽ സരോവരം പാർക്ക്, കോഴിക്കോട് ബീച്ച് , ഭട്ട് റോ‌‌ഡ് ബീച്ച് എന്നിവിടങ്ങളിൽ 'പുതുരാവ് 2020' ആരങ്ങേറി.

@ആശങ്കപ്പെടുന്നവർ

പുത്തൻ പ്രതീക്ഷകളുമായി പുതു ലോകത്തേക്ക് കടക്കുമ്പോൾ ആശങ്കപ്പെടുകയാണ് ഈ വ്യാപാരികൾ. ഇന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കുമ്പോൾ ഉണ്ടാക്കാൻ പോകുന്ന വന്‍സാമ്പത്തിക നഷ്ടം ഇവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇവരുടെ ശക്തമായ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍.

പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം പരിഹരിക്കാനാകാതെ ദുരിതങ്ങളുണ്ടാക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റതവണ ഉപയോഗമുളള മുഴുവന്‍ പ്ലാസ്റ്റിക്കുകളും നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവ സൂക്ഷിക്കുന്നത് പോലും കുറ്റകരമാണ്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമൊക്കെ നിരോധനം ബാധകമാണ്.

വളരെ വേഗത്തില്‍ നടപ്പാക്കിയ പുതിയ പരിഷ്‌ക്കാരം തങ്ങളുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപരികള്‍ ഒന്നടങ്കം പറയുന്നത്. ആവശ്യമുളള സമയം നല്‍കിയായിരുന്നു തീരുമാനം നടപ്പിലാക്കുന്നതെങ്കില്‍ ഇത്ര ബാധിക്കില്ലായിരുന്നു. കട്ടിയുളള കവറില്‍ സാധനങ്ങള്‍ നല്‍കിയിരുന്ന മൊത്തക്കച്ചവടക്കാര്‍ പോലും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.