കൽപ്പറ്റ: കേരള കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നാളെ മുതൽ പൂപ്പൊലി 2020 ഇന്ന് തുടക്കം കുറിക്കും. ലക്ഷങ്ങളെ ആകർഷിച്ച് കഴിഞ്ഞ അഞ്ച് വർഷമായി ആഘോഷിച്ചു വരുന്ന പുഷപോൽസവം ഈ കൊല്ലം കൂടുതൽ വ്യത്യസ്തതകളോടെയാണ് അരങ്ങേറുന്നത്.
ആറാം വർഷത്തിലേക്ക് കടക്കുന്ന പൂപ്പൊലി മുൻ വർഷത്തേക്കാൾ പതിൻമടങ്ങ് ഭംഗിയാക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

പുത്തൻ കാർഷിക സാങ്കേതിക വിദ്യകൾ, ദേശീയ, അന്തർദേശീയ പ്രസക്തിയുളള വിവിധയിനം അലങ്കാര പുഷ്പങ്ങളുടെ പ്രദർശനവും, വിപണനവും, കാർഷിക സെമിനാറുകളും വിവിധയിനം മൽസരങ്ങളും അരങ്ങേറുന്ന പൂപ്പൊലി 2020 വയനാടിന് പുതുവൽസര സമ്മാനമാവും.
ആയിരത്തിൽപ്പരം ഇനങ്ങളുള്ള റോസ് ഗാർഡൻ, സ്വദേശ വിദേശ ഇനം ഓർക്കിഡുകൾ, ഡാലിയ ഗാർഡൻ, വിശാലമായ ഗ്ലാഡിയോലസ് ഗാർഡൻ, മാരീഗോൾഡ് ഗാർഡൻ, കൗതുകമുണർത്തുന്ന ടൂലിപ്പ്, റനൻകുലസ്, ക്രോക്കസ്, സ്പരാക്സിസ്, ഇക്സിയ, മസ്‌കാരി, ഉത്തരാഖണ്ഡിൽ നിന്ന് എത്തിച്ച സ്വീറ്റ് പീ, സ്വീറ്റ് വില്യം, കാലിഫോർണിയ പോപ്പി, ലൂപ്പിൻ, ലാക്സ്പർ, ഡൈമോർഫോട്ടത്തീക്ക തുടങ്ങിയ ചെടികൾ ഈ വർഷത്തെ പുഷപോൽസവത്തിന്റെ ഭാഗമാണ്.
കാക്ടേറിയം, വെർട്ടിക്കൽ ഗാർഡന്റെ വിവിധ മോഡലുകൾ, രാക്ഷസരൂപം, വിവിധ തരം ശിൽപ്പങ്ങൾ,കുട്ടികൾക്കായുള്ള ഡ്രീം ഗാർഡൻ, അമ്യൂസ്‌മെന്റ് പാർക്ക്, ഊഞ്ഞാൽ, ചന്ദ്രോദ്യാനം, വിവിധ തരം പക്ഷി മൃഗാദികൾ, അക്വേറിയം, ഫുഡ് കോർട്ട്, പാചക മത്സരം, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ, പെറ്റ് ഷോ, കർഷകർക്ക് വിജ്ഞാനം പകരുന്ന വിവിധ സെമിനാറുകൾ എന്നിവയ്ക്ക് പുറമേ ഫ്ളോട്ടിംഗ് ഗാർഡൻ, മഴ ഉദ്യാനം, കൊതുമ്പ് വള്ളം ഗാർഡൻ, റോക്ക് ഗാർഡൻ, ട്രീ ഗാർഡൻ, ഫേർണറി, ട്രീ ഹട്ട്, ജലധാരകൾ, ടെറേറിയം, പെർഗോള, മൈക്രോ ഗ്രീൻസ് എന്നിവ ഈ വർഷത്തെ ആകർഷക ഇനങ്ങളാണ്.

സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെയും കർഷക അവാർഡ് നേടിയ വ്യക്തികളുടെയും 200 ൽ അധികം സ്റ്റാളുകളും പൂപ്പൊലിയിൽ ഒരുക്കിയിട്ടുണ്ട്.

ഏഴ് ദിവസവും വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.

എല്ലാ വൈകുന്നേരങ്ങളിലും ചാക്യാർ കൂത്ത്, നാടൻ പാട്ട്, ഇശൽ നിലാവ്, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഗോത്ര കലാമേള എന്നിവയും ഉണ്ടാകും.

മേളയിൽ നടക്കുന്ന സെമിനാറുകൾ
ജില്ലയിലെ കാർഷിക യന്ത്രവൽക്കരണത്തിന്റെ സാധ്യതതകൾ -ജനു. 3.
മൃഗ സംരക്ഷണ മേഖലയിലെ നൂതന കാഴ്ചപ്പാടുകൾ -4.
മത്സ്യ കൃഷിയുടെ സാധ്യതകൾ -6.
കാർഷിക വിളകളുടെ മൂല്യ വർദ്ധന -7.
സമീകൃത വളപ്രയോഗം -9.
വയനാടിന്റെ പ്രാദേശിക ധാന്യ വിളകൾ -10.
മേഖലയിലെ വേറിട്ട കർഷകർ -10.
കാലാവസ്ഥാ വ്യതിയാന പ്രതിരോധ കൃഷി രീതികൾ -11.