കൽപ്പറ്റ: ഒറ്റ തവണ ഉപയോഗമുളള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ നിരോധനം. നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും സൂക്ഷിക്കലും ശിക്ഷാർഹമാണെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള അറിയിച്ചു.

തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്കും നടപടി സ്വീകരിക്കാം.

നിയമം ലംഘിക്കുന്നവർക്ക് 10000 രൂപ പിഴ ചുമത്തും. രണ്ടാമതും നിയമ ലംഘനമുണ്ടായാൽ 25,000 രൂപ പിഴയീടാക്കും. തുടർന്നും ലംഘനമുണ്ടായാൽ 50000 രൂപ പിഴയീടാക്കി സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കും.

ശുചിത്വമിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ബോധവൽക്കരണം നടത്തും. തുണി,പേപ്പർ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് സഞ്ചികൾ,ബാഗുകൾ എന്നിവ നിർമ്മിച്ച് വിതരണം ചെയ്യാൻ കുടുംബശ്രീയെ സജ്ജമാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

പ്ലാസ്റ്റിക് സഞ്ചികൾ, ഷീറ്റ്, പ്ലേറ്റ്, കപ്പ്, സ്പൂൺ, സ്‌ട്രോ, സ്റ്റെറർ, തെർമോക്കോൾ, ബാഗ്, ബൗൾ, പ്ലാസ്റ്റിക് പതാക, അലങ്കാരങ്ങൾ,500 മില്ലി ലിറ്ററിൽ താഴെയുളള കുടിവെളള കുപ്പികൾ,മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ,ഫ്ളക്സ്, ബാനർ,ബ്രാന്റ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ് തുടങ്ങിയ പതിനൊന്ന് ഇനങ്ങളാണ് നിരോധന പട്ടികയിലുളളത്. ബ്രാൻഡ് ഉൽപന്നങ്ങൾക്ക് നിരോധനമില്ല. പുറന്തളളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പാരിസ്ഥിതിക,ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

ഓഫീസുകളിലും സ്‌കൂളുകളിലും പ്രതിജ്ഞയെടുക്കും
ഒറ്റ തവണ ഉപയോഗമുളള പ്ലാസ്റ്റിക് വസ്തുകൾ നിരോധിച്ചതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഓഫീസുകളിലും സ്‌കൂളുകളിലും പ്ലാസ്റ്റിക് ഉപഭോഗവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുക്കും. പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന സന്ദേശമാണ് പ്രതിജ്ഞയിൽ അടങ്ങിയിരിക്കുന്നത്. ഓഫീസ് മേധാവി പ്രതിജ്ഞ ജീവനക്കാർക്ക് ചൊല്ലിക്കൊടുക്കും.