വടകര: ചോറോട് പഞ്ചായത്തിലെ കുട്ടൂലി പാലത്തിനു സമീപം വീട്ടില്‍ കവര്‍ച്ച. നാലു പവന്‍ സ്വര്‍ണമാല തട്ടിപ്പറിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. റിട്ട. കനറാ ബാങ്ക് മാനേജര്‍ വൈശാഖത്തില്‍ ശ്രീധരന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ രണ്ടു പേരടങ്ങിയ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. പിന്നിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ച ശേഷം രണ്ടു വാതിലുകള്‍ കൂടി തകര്‍ത്താണ് ഇവര്‍ അകത്തു കയറിയത്. ശ്രീധരന്റെ ഭാര്യ വസന്ത മോഷ്ടാക്കളെ കണ്ട് ഭയന്നുവിറച്ചു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ മോഷ്ടാക്കള്‍ സ്വര്‍ണത്തിനും പണത്തിനും ചോദിച്ചു. ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ മാല എടുത്തുതരാമെന്നു പറഞ്ഞ് വസന്ത അടുത്ത മുറിയിലേക്ക് പോയി. ഇവിടെ കിടന്നുറങ്ങുകയായിരുന്ന അമ്മ അമ്മാളുവിന്റെ കഴുത്തിലെ സ്വര്‍ണമാല മോഷ്ടാക്കള്‍ പിടിച്ചുപറിച്ചു. അപ്പോഴേക്കും ഇരുവരം നിലവിളിച്ചപ്പോള്‍ മോഷ്ടാക്കള്‍ സ്വര്‍ണമാലയുമായി ഇറങ്ങിയോടുകയായിരുന്നു. പിടിവലിക്കിടയില്‍ മാലയുടെ കഷ്ണം അമ്മാളുവിനു കിട്ടി. പിന്നീടാണ് മുകള്‍ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീധരന്‍ വിവരമറിയുന്നത്.

സംഭവമറിഞ്ഞ് നാട്ടുകാരും വടകരയില്‍ നിന്നു പൊലീസും സ്ഥലത്തെത്തി വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. ഇതിനു പിന്നാലെ ഒരു കിലോമീറ്റര്‍ അകലെ ചോറോട് പൂളക്കണ്ടി പാറയിലെ വീടുകളില്‍ മോഷണ ശ്രമമുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരിയിൽ നാലോളം വീടുകളിൽ മോഷ്ടാക്കൾ പരാക്രമം നടത്തിയിരുന്നു. കഴിഞ്ഞ വർഷം ചോറോട് ഭാഗത്ത് നാട്ടുകാർ സ്കോഡ് രൂപീകരിച്ച് പൊലീസ് സഹകരണത്തോടെ കാവൽ നിന്നാണ് മോഷ്ടാക്കളെ ഒതുക്കിയത്.