കുറ്റ്യാടി: സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ ആഹ്ലാദത്തിലാണ് സാദിഖും ഭാര്യയും രണ്ട് പിഞ്ചു കുട്ടികളും .വയനാട് വെള്ളമുണ്ടയിലെ ഓട്ടോ ഡ്രൈവറും നിത്യരോഗിയുമായ സാദിഖിനും ഹൃദയവാൽവിന് അസുഖം ബാധിച്ച് ചിക്ത്സയിൽ കഴിയുന്ന മകൾ അഥീന ഫാത്തിമയുടെയും ചിരകാല സ്വപ്നമാണ് കുറ്റ്യാടി ചിന്നൂസ് കൂട്ടായ്മയുടെ തണലിൽ പൂവണിഞ്ഞത് .കഴിഞ്ഞ പ്രളയ ദുരിതകാലത്ത് വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചിന്നൂസ് കൂട്ടായ്മ പ്രവർത്തകർ സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാതെ കഴിഞ്ഞിരുന്ന സാദിഖിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസിലാക്കുകയായിരുന്നു. ദുരിതത്തിലായ ഈ കുടുംബത്തെ കൈ പിടിച്ചുയർത്താൻ കൂട്ടായ്മ പ്രവർത്തകർ രംഗത്തിറങ്ങുകയായിരുന്നു. വീട് നിർമാണത്തിനായി ആവശ്യമായ സ്ഥലം കല്ലാച്ചി സ്വദേശിയായ കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി നൽകുകയായിരുന്നു.നാല് മാസം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത് .ഏഴ് ലക്ഷത്തിലധികം രൂപ ചെലവ് വന്ന വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് പൊട്ടയിൽ മുക്ക് വാട്ട്സാപ്പ് കൂട്ടായ്മ, കുറ്റിയാടിയിലെയും പരിസര ഭാഗങ്ങളിലെയും വ്യാപാരികൾ,നാട്ടുകാർ, പ്രവാസികൾ, മറ്റു സുമനസുകൾ എന്നിവരാണ് സാമ്പത്തിക സഹായം നൽകിയത് .വീടിന്റെ നിർമാണത്തിനാവശ്യമായ നിർമാണ വസ്തുക്കളും, ഫർണിച്ചറുകളും, വയറിംഗ്, പ്ലംബിംഗ്, പെയിന്റിംഗ് തുടങ്ങിയ ജോലികളും ചിന്നൂസ് പ്രവർത്തകർ സൗജന്യമായി ഏറ്റെടുക്കുകയായിരുന്നു. ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിലെ കുറ്റിയാടി മേഖലയുടെ നിറസാന്നിദ്ധ്യമായ ചിന്നൂസ് നിർമ്മിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണ് വെള്ളമുണ്ടയിൽ പൂർത്തീകരിച്ചത് .വീടിന്റെ താക്കോൽദാനം നർഗീസ് ബീഗം നിർവ്വഹിച്ചു.നസീർ ചിന്നൂസ്, എ.കെ.സലാം ബർക്ക, കെ.പി.അഷ്രഫ് ,കോവൂർ കുഞ്ഞമ്മദ്, അലി വടേക്കര, അന്ത്രു പാലോങ്കാവിൽ, പി.സി.അഷ്രഫ് ,ഗഫൂർ കുറ്റിയാടി, അബ്ദുൾ സലാം മുള്ളൻകുന്ന് തുടങ്ങിയവർ പങ്കെടുത്തു