മെഡിക്കൽ കോളേജ് : മെഡിക്കൽ കോളേജിലെ പ്രവർത്തനയോഗ്യമല്ലാത്ത ലിഫ്റ്റുകൾ ഒരാഴ്ചക്കുള്ളിൽ പ്രവർത്തന യോഗ്യമാക്കും. ലിഫ്റ്റുകൾ പ്രവർത്തന സജ്ജമാക്കാൻ ആശുപത്രി അധികൃതർ കമ്പനികളുമായി ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ഇവർക്ക് ആശുപത്രി വികസന സമിതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൊടുത്ത്‌ അറ്റകുറ്റപ്പണികൾ തീർക്കും. മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ആറു ലിഫ്റ്റുകളിൽ അഞ്ചെണ്ണമാണ് പ്രവർത്തന രഹിതമായിരിക്കുന്നത്.

തൈസൺ കമ്പനിയാണ് ഇവയുടെ വാർഷിക അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. എന്നാൽ ആറു മാസത്തെ കുടിശ്ശിക നൽകാത്തതിനാൽ കമ്പനി അറ്റകുറ്റപ്പണികൾ നിറുത്തുകയായിരുന്നു. സർക്കാർ പണം അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണം കാരണം അവ കമ്പനിക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ആശുപത്രി വികസന സമിതിയിൽ നിന്ന് പണം കൊടുത്തു അറ്റകുറ്റപ്പണികൾ തീർക്കാൻ തീരുമാനമായത്. ആശുപത്രിയിൽ ഏഴ് ലിഫ്റ്റുകളാണ് ഉള്ളത്. ഇവ മിക്കപ്പോഴും പ്രവർത്തിക്കാറില്ല. സാവിത്രി സാബു ക്യാൻസർ സെന്ററിലെ ഒരു ലിഫ്റ്റും ഒപി 71 സമീപമുള്ള ലിഫ്റ്റുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ലിഫ്റ്റുകൾ ഇടക്കിടെ പണി മുടക്കുന്നത് യാത്രക്കാരെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മുട്ട് വേദനയുള്ളവർക്കും , ശ്വാസം മുട്ട് അനുഭവിക്കുന്നവരും കോണിപ്പടികൾ കയറേണ്ട അവസ്ഥയാണ്. ഇത്‌ അവരുടെ അസുഖം കൂട്ടാൻ വഴിയൊരുക്കുകയും ചെയ്യുന്നു.