-വനം വകുപ്പ് തിരിഞ്ഞ് തിരിഞ്ഞു നോക്കിയില്ലെന്ന്
-ഡെപ്യുട്ടി റെയിഞ്ചർക്ക് മർദ്ദനമേറ്റു
-ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
-നരഭോജിയായ കടുവയാണെന്ന് നാട്ടുകാർ
-കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം
സുൽത്താൻ ബത്തേരി: കുറിച്ച്യാട് റെയിഞ്ചിൽപ്പെട്ട വള്ളുവാടിയിലെ ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങിയ വിവരം വനപാലകരെ അറിയിച്ചിട്ടും സ്ഥലത്തെത്താൻ വൈകിയതിൽ രോഷാകുലരായ ജനങ്ങൾ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധത്തിനിടെ വൈകിയെത്തിയ ഡെപ്യുട്ടി റെയിഞ്ചർ ബൈജുനാഥിന് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് വള്ളുവാടിയിലെ കെ.ജി.റെജി (49) യെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് വള്ളുവാടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവയുടെ സാന്നിദ്ധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വനാതിർത്തിയോട് ചേർന്ന, അടിക്കാട് വളർന്ന കൃഷിയിടത്തിലാണ് സമീപത്തെ റിസോർട്ട് ജീവനക്കാരനും പ്രദേശവാസിയുമായ രാജു കടുവയെ കണ്ടത്. തുടർന്ന് വിവരം അറിയിച്ചിട്ടും വനപാലകർ സ്ഥലത്തെത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. തുടർന്ന് രാത്രി എട്ട് മണിയോടെ ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരും ഗാർഡുമാരും എത്തി. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.
റെയിഞ്ച് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തത് നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാകാൻ ഇടയായി. രാത്രി പതിനൊന്ന് മണിയോടെ കുറിച്ച്യാട് ഡെപ്യുട്ടി റെയിഞ്ചർ അടക്കമുള്ളവർ സ്ഥലത്തെത്തി തടിച്ചുകൂടിയ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് റെജി ഡെപ്യുട്ടി റെയിഞ്ചറെ മർദ്ദിച്ചതായി പറയുന്നത്. ഡെപ്യുട്ടി റെയിഞ്ചർ ബത്തേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെജിയെ അറസ്റ്റ് ചെയ്തത്. ഡ്യുട്ടി സമയത്ത് സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിക്കുക, കൃത്യ നിർവ്വഹണം തടസപ്പെടുത്തുക, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
വള്ളുവാടിയിൽ കടുവയെ കണ്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ പച്ചാടിയിലാണ് കഴിഞ്ഞ 24 ന് മാസ്തി എന്ന വയോധികനെ കടുവ പിടികൂടി ഭക്ഷിച്ചത്. നരഭോജിയായ ഈ കടുവ തന്നെയാണ് വള്ളുവാടിയലും എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം കടുവയെ കണ്ടു എന്ന് പറയുന്ന സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. സ്ഥലത്ത് വനം വകുപ്പ് ക്യാമ്പ് ചെയ്യുന്നുണ്ട്.