സുൽത്താൻ ബത്തേരി: വയനാട് വൈൽഡ്‌ ലൈഫ് ഡിവിഷൻ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെ രാത്രിയിൽ വിളിച്ചുവരുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ശക്തമായി.

ഓടപ്പള്ളം ഭാഗത്ത് കടുവയെ കണ്ടെന്ന് പറഞ്ഞ് അവ്യക്തമായ ഒരു ഫോട്ടോ പ്രചരിപ്പിക്കുകയും പ്രദേശവാസികളിൽ ഭീതിപരത്തുകയും ചെയ്തതിനെ തുടർന്ന് തൊട്ടടുത്ത നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്ത് പോവുകയും തെരച്ചിൽ നടത്തുകയും പട്രോളിംഗ് നടത്തുകയും ചെയ്തിരുന്നു. ഇതിനിടയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ചിലർ ബഹളം വെക്കുകയും പട്രോളിംഗിലായിരുന്ന കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബൈജുനാഥ് സ്ഥലത്തെത്തി സംസാരിക്കുകയും ചെയ്യുന്നതിനിടെ റെജി എന്നയാൾ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു.

വന്യജീവികൾ ഇറങ്ങിയെന്ന വ്യാജ പ്രചരണം നടത്തുകയും പ്രദേശവാസികളുടെ ഇടയിലേക്ക് നുഴഞ്ഞ് കയറുകയും ചെയ്ത് മുൻ വനം കുറ്റവാളികൾ ഉൾപ്പെടെയുള്ളവർ, വ്യക്തിവിരോധവും മറ്റും തീർക്കാൻ ഇത്തരം അവസരങ്ങൾ ഉപയോഗിക്കുന്നത് ജില്ലയിൽ പതിവായിരിക്കയാണെന്ന് സംഘടന ആരോപിച്ചു. വന്യജീവികൾ മൂലം സമീപവാസികൾക്ക് ഉണ്ടാവുന്ന വിഷയങ്ങളിലും മറ്റും അനാവശ്യ ഇടപെടൽ നടത്തുകയും പ്രശ്നങ്ങൾ സൃഷ്ടിച്ച് വനത്തിനും സംരക്ഷണ ജീവനക്കാർക്കുമെതിരെ ജനശ്രദ്ധ തിരിക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.എഫ്.പി.എസ്.എ. ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.മനോഹരൻ, ജില്ലാ പ്രസിഡന്റ് കെ.കെ.സുന്ദരൻ, ജില്ലാ സെക്രട്ടറി കെ.ബീരാൻകുട്ടി, പി.കെ.ഷിബു, ഒ.എ.ബാബു, എ.എൻ.സജീവൻ, എ.ആർ.സിനു എന്നിവർ സംസാരിച്ചു.