കൽപ്പറ്റ: മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനനുവദിക്കില്ലെന്നും ഭരണഘടന സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച് സി.പി.എം 'സേവ് ഇന്ത്യ' മാർച്ച് നടത്തി. 'ഒരു ഇന്ത്യ ഒരു മനസ്' എന്ന മുദ്രാവാക്യമുയർത്തി ആയിരങ്ങൾ അണിനിരന്ന ലോങ് മാർച്ച് കൽപ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിലിൽനിന്ന് കൽപ്പറ്റവരെയായിരുന്നു. റാലിയിൽ അണിനിരന്നവർ പ്രതിഷേധ ജ്വാല തെളിയിച്ച് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു.
ഭിന്നിപ്പിന്റെ നിയമത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് പൊതുയോഗം പ്രഖ്യാപിച്ചു.
വൈകീട്ട് അഞ്ചോടെ മുട്ടിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് സി.പി.എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ മാർച്ച് ഉദ്ഘാടനംചെയ്തു. കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ദേശീയപാതയിലൂടെ നടത്തിയ മാർച്ചിൽ പങ്കെടുത്തു. രാത്രി 7.15ഓടെ മാർച്ച് കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് തയ്യറാക്കിയ വേദിക്കരികിലെത്തി. പി ഗഗാറിൻ കൊളുത്തിയ ജ്വാലയിൽനിന്നും കത്തിച്ച മെഴുകുതിരികളും തീപന്തങ്ങളുമുയർത്തി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ഏരിയാ സെക്രട്ടറി എം മധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പൊതുയോഗം ഉദ്ഘാടനംചെയ്തു. ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വി പി ശങ്കരൻ നമ്പ്യാർ അദ്ധ്യക്ഷനായി. കെ സുഗതൻ സ്വാഗതം പറഞ്ഞു.
മുട്ടിലിൽ മാർച്ച് ഉദ്ഘാടന ചടങ്ങിൽ എം ഡി സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. പി എം സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. പി എം നാസർ, പി സി ഹരിദാസൻ, സനിത ജഗദീഷ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.