കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിൻെറ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം ഇടത്-വലത് നേതാക്കൾ തന്നോട് പരസ്യ സംവാദത്തിന് ഇറങ്ങുമോയെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. കോഴിക്കോട് മുതലക്കുളത്ത് നടന്ന ബിജെപി വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കാര്യം ചൂണ്ടിക്കാട്ടി താൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചിരുന്നു. സി എ എ കാരണം പൗരത്വം നഷ്ടമാവുന്ന ഏതെങ്കിലും വ്യക്തിയുണ്ടെങ്കിൽ ഞാൻ അവർക്കൊപ്പം നിൽക്കും. എന്നാൽ ഇരുവരും മറുപടി തന്നില്ല. മുസ്ലിങ്ങൾക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് പറയുന്നവർ മോദി സർക്കാർ വന്ന ശേഷം പാക്കിസ്ഥാനിൽ നിന്നും വന്ന നിരവധി മുസ്ലിംങ്ങൾക്ക് പൗരത്വം കൊടുത്തത് മറന്നു പോയെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.

തുല്യതയ്ക്ക് വേണ്ടി വാദിക്കുന്നവർ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. പാക്കിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും പീഡനം അനുഭവിക്കുന്നവർക്ക് അഭയം കൊടുക്കേണ്ടത് ഇന്ത്യയുടെ കടമയാണ്. എല്ലാം നഷ്ടപ്പെട്ട് ഇവിടെയെത്തിയവർക്കെല്ലാം ഭാരതജനത അഭയം നൽകി. ജൂതൻമാരുടെയും പാർസികളുടേയും അനുഭവം നമ്മുടെ മുമ്പിലുണ്ട്. ഇതേ പാരമ്പര്യമാണ് മോദി പിന്തുടരുന്നത്. മഹാത്മാഗാന്ധിയുടെ സ്വപ്നമാണ് മോദി പൂർത്തീകരിക്കുന്നത്.

ഗാന്ധിയുടെ വാക്കുകളും നെഹ്റു-ലിഖായത്ത് ഉടമ്പടിയും ചെന്നിത്തല പഠിക്കണം. ഇന്ത്യൻ ദേശീയത അംഗീകരിക്കാത്ത പിണറായിയോട് ഇത് പറഞ്ഞിട്ട് കാര്യമില്ലെന്ന് കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടിപി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എപി അബ്ദുള്ളകുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്ലിങ്ങൾക്കിടയിൽ വിഷലിപ്തമായ പ്രചരണം നടത്താൻ ഇരു മുന്നണികളും മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വികെ സജീവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സജീന്ദ്രൻ, ബാലസോമൻ എന്നിവർ സംസാരിച്ചു.