ഗാന്ധി നഗറിൽ മുൻ എസ്.ഐയെ തലക്കടിച്ചു കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് കണ്ടെത്തിയതിന് പിന്നിലെ 'കളികളാ'ണ് ചുറ്റുവട്ടത്തെ ചൂടേറിയ വാർത്ത.

മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകമാകുമ്പോൾ പൊലീസ് നല്ല ശുഷ്കാന്തി കാട്ടേണ്ടതാണെങ്കിലും പിടിച്ചത് യഥാർത്ഥ പ്രതിയോ എന്ന് നാട്ടുകാർക്ക് സശയം തോന്നുംവിധമാണ് ഏമാന്മാരുടെ അന്വേഷണം എത്തിനിൽക്കുന്നത്. ചോദ്യം ചെയ്യലിൽ കുറ്റക്കാരനല്ലെന്നു കണ്ട് കസ്റ്റഡിയിൽ നിന്നു വിട്ടയച്ച പ്രതി മുങ്ങിയതിന് ഉന്നത ഉദ്യോഗസ്ഥന് സസ് പെൻഷനുമായി. വിട്ടയച്ചതല്ല സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടതാണെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രതിയെ പിടിച്ചെങ്കിലും കൊല്ലാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡല്ല പൊലീസ് കണ്ടെടുത്തതെന്നാണ് ഒരു പ്രചരണം. പ്രതി ആക്സോ ബ്ലേഡ് ഉപയോഗിച്ച് ഇരുമ്പ് ദണ്ഡ് മൂന്നായി മുറിച്ചെന്നാണ് പൊലീസ് പറയുന്നതെങ്കിലും മുറിച്ച പാടില്ല. ഒന്നു തുരുമ്പിച്ചതും മറ്റേത് ഭാഗികമായി തുരുമ്പിച്ചതുമാണ് .മൂന്നു ദിവസം കൊണ്ട് ഇങ്ങനെ തുരുമ്പിക്കുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. ഇരുമ്പ് ദണ്ഡ്കൊണ്ട് തലക്കടിക്കുമ്പോൾ പ്രതിയുടെ വസ്ത്രത്തിലും രക്തം തെറിക്കേണ്ടതാണ് .രക്തം പറ്റിയ വസ്ത്രം കണ്ടെത്തിയിട്ടില്ല.

കൊലപതകം നടന്ന സ്ഥലത്ത് നേരത്തേ രണ്ട് പേരേ ഇരുമ്പ് ദണ്ഡിന് തലക്കടിച്ചു വീഴ്ത്തിയതും വാഹനം കത്തിച്ചതുമായ സംഭവം ഉണ്ടായി. മുൻ എസ്.ഐയെ തലക്കടിച്ചു വീഴ്ത്തിയ പ്രതി തന്നെയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചിട്ടും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല .

കൊലപാതക സംശയത്തിന് നേരത്തെ പിടിയിലായ പ്രതിയെ 24 മണിക്കൂർ ചോദ്യം ചെയ്തതോടെ നിയമപരമായി കസ്റ്റഡിയിൽ വെക്കാൻ കഴിയാത്തതിനാൽ ബുദ്ധിപരമായി ചിന്തിച്ച് ആദ്യം വിട്ടയക്കാനും പിന്നീട് അറസ്റ്റ് ചെയ്യാനും ആലോചിക്കുന്നതിനിടയിലായിരുന്നു പ്രതി മുങ്ങിയത്. പൊലീസ് സേനയ്ക്കു തന്നെ നാണക്കേടായി ഈ സംഭവം. രണ്ടു ദിവസം കഴിഞ്ഞതോടെ പ്രതിയെ പിടികൂടി. ആദ്യം വിട്ടയച്ച ഏമാന്മാർ തന്നെ കൊലപാതക കുറ്റവും ചാർത്തി. പൊലീസ് പറയുന്ന കഥ ആകെ മൊത്തം കൺഫ്യൂഷനിലാണ്.

ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെയെന്നത് പഴം ചൊല്ലാണ് . പൊലീസ് അന്വേഷണം അങ്ങനെയാകരുത്. പ്രതി ചേർക്കപ്പെട്ട ആൾക്ക് രക്ഷപെടാനുള്ള സാഹചര്യമൊരുക്കിയതിനെതിരെ നാട്ടുകാർ രംഗത്തു വന്നിട്ടുണ്ട്. ഒന്നുകിൽ യഥാർത്ഥ പ്രതിയെ പിടിക്കണം. അല്ലെങ്കിൽ പ്രതിയെന്നു സംശയിച്ചു പിടിച്ച ആൾക്ക് ശിക്ഷ വാങ്ങി കൊടുക്കാവുന്ന തെളിവുകൾ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 'കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുന്ന' പൊലീസ് ഏമാന്മാരുടെ ഏർപ്പാട് ശരിയല്ലെന്നാണ് ചുറ്റുവട്ടത്തിന് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കാനുള്ളത്.!...