karthika

വൈക്കം: ആചാര നിറവിൽ ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് നടന്നു.
ഉദയനാപുരം ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷം അവകാശിയായ വാതുക്കോട്ടില്ലത്ത് സുബ്രഹ്മണ്യൻ മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി കൊടിയേറ്ററിയിച്ചു. ചെറുശ്ശേരി രജേന്ദ്രൻ എന്ന ഗജവീരനാണ് ഇത്തവണ കൊടിയേറ്ററിയിപ്പിനായി എഴുന്നള്ളിയത്. വൈക്കം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് നടതുറന്നപ്പോൾ മുഹൂർത്ത ചാർത്ത് വായിച്ച് ഉദയനാപുരത്തെ കൊടിയേറ്ററിയിച്ചു.തുടർന്ന് പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാര പ്രകാരം കൊടിയേറ്ററിയിച്ചു. അതാത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവ വിവരം ഔദ്യോഗികമായി ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്ചക്കാരെ അറിയിക്കുന്നതായാണ് വിശ്വാസം. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തണമെന്നും ആചാരമുണ്ട്.