കോട്ടയം : പ്രതിസന്ധിയിൽ ശ്വാസംമുട്ടി കഴിഞ്ഞ കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയ്‌ക്ക് ആശ്വാസമായി ശബരിമല സീസൺ. പ്രതിദിനം അഞ്ചു ലക്ഷം രൂപയാണ് ശബരിമല സർവീസിൽ നിന്നു അധികവരുമാനമായി ലഭിക്കുന്നത്. നവംബർ 30 വരെയുള്ള 14 ദിവസത്തിനിടെ 60 ലക്ഷം രൂപയാണ് ലഭിച്ചത്. ആദ്യത്തെ നാലു ദിവസം 4 ലക്ഷമായിരുന്നു വരുമാനം. സർവീസുകൾ വെട്ടിക്കുറച്ചതിനെത്തുടർന്നു നേരത്തെ ഡിപ്പോയുടെ പ്രതിദിന ശരാശരി വരുമാനം 12 ലക്ഷത്തിൽ നിന്ന് എട്ടു മുതൽ ഒൻപത് ലക്ഷം വരെയായി താഴ്ന്നിരുന്നു. ഇപ്പോഴത് 15 ലക്ഷമായി ഉയർന്നു.
നിലവിൽ 40 ബസുകളാണ് കോട്ടയം- പമ്പ സർവീസ് നടത്തുന്നത്. കൂടുതലും റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. പ്രതിദിനം 2000 മുതൽ 2500 തീർത്ഥാടകർ എത്തുന്നുണ്ട്. സീസണിന്റെ തുടക്കത്തിൽ 25 ബസുകളാണ് കോട്ടയം ഡിപ്പോയ്‌ക്ക് അനുവദിച്ചിരുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പത്തു ബസുകൾ കൂടി എത്തുമെന്നാണ് സൂചന. സർവീസുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി റൂട്ടിൽ നിന്നുള്ള ബസുകൾ പമ്പ സ്‌പെഷ്യലായി ഓടിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷനിൽ ദുരിതം
ശബരിമല സീസൺ തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമായില്ല. പാർക്കിംഗ് പ്ലാസ, കെട്ടിട നവീകരണ ജോലികൾ ഇഴയുകയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിലായതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വൺവേ ഏർപ്പെടുത്തണമെന്നാവശ്യത്തോട് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. റെയിൽവേ സ്റ്റേഷനു മുന്നിൽ ഒരു ബസ് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്.
കൂടുതൽ ബസുകൾ എത്തിക്കും
24നാണ് മകര വിളക്ക് സീസണിലേക്കുള്ള 10 ബസ് വരേണ്ടത്. എന്നാൽ, തിരക്ക് കൂടിയ സാഹചര്യത്തിൽ നേരത്തെ വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മതിയായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
അബ്ദുൾ നാസർ,ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ