പാലാ : ഭരണങ്ങാനം ഗ്രാമപഞ്ചായത്തിനെ ക്ഷീരഗ്രാമമാക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. ക്ഷീരവികസന വകുപ്പ് കയ്യൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ളാലം ബ്ലോക്കുതല ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം ക്ഷീരകർഷകരുള്ള പ്രദേശങ്ങളിലൊന്നാണ് ഭരണങ്ങാനം. ക്ഷീര കൃഷി പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ സഹായം സംഘങ്ങൾക്കും കർഷകർക്കും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കയ്യൂർ ക്രിസ്തു ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ഷീരകർഷകരെ ആദരിച്ച ചടങ്ങിൽ ക്ഷീരസംഘങ്ങൾക്കുള്ള ധനസഹായ വിതരണവും കന്നുകാലി പ്രദർശന മത്സര വിജയികൾക്കുളള സമ്മാനദാനവും നടന്നു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.കെ അനികുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ, ക്ഷീര വികസന ഓഫീസർ പി.വി ലതീഷ് കുമാർ, കയ്യൂർ ക്ഷീരസംഘം പ്രസിഡന്റ് അനീഷ് ജോർജ് പുതുപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.