പാലാ : 'ജ്ഞാനേശ്വരനല്ലേ തലനാട്ടപ്പൻ, അറിവിന്റെ നിറകുടം, നിങ്ങൾ എത്രയോ ഭാഗ്യം ചെയ്തവരാണ്' ശിവഗിരി മഠം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികളുടെ വാക്കുകൾ കേട്ടപ്പോൾ തലനാട് ശ്രീ ജ്ഞാനേശ്വര സന്നിധിയിൽ നിന്ന് ശിവഗിരിയിലെത്തിയ ഭക്തരുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ. മഹാഗുരുവിന്റെ മണ്ണിൽ നിന്ന് മനസുകൊണ്ടവർ മഹാദേവനൊരു പുഷ്പാഞ്ജലിയർപ്പിച്ചു. തലനാട് ശ്രീജ്ഞാനേശ്വര മഹാദേവന്റെ (തലനാട്ടപ്പന്റെ ) ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ താന്ത്രികാവകാശമുള്ള ശിവഗിരി സ്വാമിമാരോട് അനുജ്ഞ വാങ്ങാനാണ് നാൽപ്പതംഗ സംഘം ശിവഗിരിയിലെത്തിയത്.
'സർവ്വ അറിവുകളുടെയും സന്നിധിയാണ് ശ്രീജ്ഞാനേശ്വരന്റെ കോവിൽ. അറിവുകൾ അനുസ്യൂതം അനുഗ്രഹമായി ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു മഹാദേവൻ . ആ സന്നിധിയിൽ ഒരു നിമിഷമെങ്കിലും തൊഴുതു നിൽക്കാൻ ഭാഗ്യം ലഭിച്ചാൽ ഒരു മിന്നൽപ്പിണർ പോലെ ജീവിതാവബോധത്തിന് പുതിയൊരു ഉൾക്കാഴ്ച ലഭിക്കും. അപ്പോൾ സ്ഥിരമായി തൊഴുതു നിന്നാലോ. അത്രയ്ക്ക് ശക്തി വിശേഷമാണ് ശ്രീജ്ഞാനേശ്വര ഭഗവാന് ' സ്വാമി ചൂണ്ടിക്കാട്ടി. പണ്ടൊരു മലയോര കുഗ്രാമമായിരുന്ന തലനാടിന് ഇന്ന് ഒരു പാട് സർക്കാർ ജീവനക്കാരുള്ള ഗ്രാമമെന്നാണ് സൽപ്പേരെന്ന് ഭക്തജനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ സ്വാമികൾ പറഞ്ഞു. ''ഒരു നാടിന്റെ ദേവത ആ നാടിന്റെ സമസ്ത ജീവജാലങ്ങളിലും ഐശ്വര്യം ചൊരിയും. ഈശ്വരന് മറ്റ് വേർതിരിവുകളൊന്നുമില്ലല്ലോ. ചൈതന്യം കൂടുതൽ ശക്തമാകുമ്പോൾ നാടാകെ അഭിവൃദ്ധിയിലാകുമെന്നും സ്വാമി പറഞ്ഞു. തലനാട്ടു നിന്നെത്തിയ ഭക്തർക്കെല്ലാം സ്വാമി വിഭൂതി പ്രസാദം നൽകി.
ജ്ഞാനേശ്വര ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തി, എസ്.എൻ.ഡി.പി യോഗം തലനാട് ശാഖാ നേതാക്കളായ കെ.ആർ.ഷാജി തലനാട്, എ.ആർ.ലെനിൻമോൻ ആരോലിക്കൽ, പി.ആർ. കുമാരൻ പഴുക്കാനിയിൽ, ഓമനാ ഗോപിനാഥൻ, സി.കെ.ബാബു , എ.എം.മോഹനൻ, രാജൻ താന്നിയാനിക്കൽ,സതി വിജയൻ, ലാലി ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള സംഘമാണ് ശിവഗിരിയിൽ എത്തിയത്.
അനുഗ്രഹങ്ങളുടെ ആറുപതിറ്റാണ്ടിലേക്ക് തലനാട്ടപ്പൻ
പാലാ : 1954ലാണ് തലനാട് ശ്രീജ്ഞാനേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുന്നത്. അതിനും മുന്നേ തലനാട്ടിലെ ശ്രീനാരായണീയർ ചേർന്ന് ശ്രീനാരായണ ധർമ്മ ചന്ദ്രികാമഠം സ്ഥാപിച്ച് പ്രാർത്ഥനകൾ നടത്തിയിരുന്നതായി തലനാട് എൻ. എസ്. എസ് ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ തങ്കപ്പൻ പറഞ്ഞു. അത് തലനാട് റോഡിന് താഴെ വശത്തായിരുന്നു. പിന്നീട് റോഡിന് മേൽവശം ക്ഷേത്രം പണിതു. ശിവഗിരി മഠത്തിലെ ശ്രീനാരായണ ധർമ്മ തീർത്ഥസ്വാമികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠ. പിന്നീട് 2010 ജൂണിൽ പുനഃപ്രതിഷ്ഠ നടന്നു. ശ്രീജ്ഞാനേശ്വരനൊപ്പം ഗുരുദേവനും, ശ്രീ സുബ്രഹ്മണ്യനും, ഭദ്രകാളി, സരസ്വതി, അയ്യപ്പൻ, ഗണപതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ് എന്നിവർക്കും ഇപ്പോൾ പ്രതിഷ്ഠകളുണ്ട്. മുന്നൂറിൽപ്പരം ശ്രീനാരായണ കുടുംബങ്ങൾക്കൊപ്പം , ഇതര ഹൈന്ദവ സമുദായാംഗങ്ങളും തലനാട്ടപ്പന്റെ സന്നിധിയിൽ ആശ്രയം തേടി എത്തുന്നുണ്ട്.