പാലാ : ടൗണിലും പരിസരദ്രേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്.കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്.പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും നേരെ നായയുടെ ആക്രമണം പതിവായി. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. രാത്രികാലങ്ങളിൽ ഇരു ചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. കഴിഞ്ഞദിവസം പുത്തൻപള്ളിക്കുന്നിൽ പുലർച്ചെ നടക്കാനിറങ്ങിയ വയോധികന് നേരെ നായ്ക്കളുടെ ആക്രമണമുണ്ടായി. നായ്ക്കൾ കൂട്ടമായി കുരച്ചുചാടുകയായിരുന്നു. ഈ സമയം ഒരു വാഹനം എത്തിയതോടെ നായ്ക്കൾ പിന്തിരിഞ്ഞ് ഓടി. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും ഇവ പെരുകുന്നതിന് ഇടയാക്കുന്നുണ്ട്. പലയിടത്തും തെരുവ് നായ്ക്കളെ ഭയന്ന് രക്ഷിതാക്കൾ നേരിട്ട് കുട്ടികളെ സ്‌കൂളുകളിൽ കൊണ്ടുവിടുകയാണ്. സ്റ്റേഡിയത്തിനുള്ളിലും മുനിസിപ്പൽ കോംപ്ലക്‌സിന്റെ പിൻഭാഗങ്ങളിലുമാണ് നായ്ക്കൾ പകൽ സമയത്ത് കൂട്ടമായി കാണുന്നത്. നായശല്യത്തിന് പരിഹാരം കാണാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നായശല്യം ഇവിടെ
പുത്തൻപള്ളിക്കുന്ന്
വെള്ളാപ്പാട്
മാർക്കറ്റ് റോഡ്
ചെത്തിമറ്റം
കടപ്പാട്ടൂർ
റിവർവ്യൂ റോഡ്
ടൗൺഹാൾ പരിസരം
വില്ലൻ മാലിന്യം തന്നെ
നഗരവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ നഗരത്തിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നഗരസഭ നടപ്പിലാക്കുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. നദീതീരങ്ഹളിലും മാലിന്യം നിക്ഷേപിച്ച് കടന്നുകളയുന്നുണ്ട്.
നായശല്യം കാരണം ഭീതിയോടെയാണ് ബൈക്കിൽ പോകുന്നത്. രാത്രികാലങ്ങളിലാണ് ദുരിതം കൂടുതൽ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്.
രമേശ്, യാത്രക്കാരൻ