വൈക്കം: വെച്ചൂർ ഇടയാഴം പൂങ്കാവ് ക്ഷേത്രത്തിന് സമീപം രാജീവ് ഗാന്ധി കോളനിയിലെ അഞ്ചുപേർക്ക് വളർത്തുനായയുടെ കടിയേറ്റു. രാജീവ് ഗാന്ധി കോളനി നിവാസി രാജുവിന്റെ വളർത്തു നായയാണ് കഴിഞ്ഞ ദിവസം വീട്ടുടമ രാജുവിനേയും ഭാര്യ ശ്യാമളയേയും കടിച്ച ശേഷം വീടിനുള്ളിൽ കട്ടിലിൽ കിടന്ന 80കാരിയായ ശ്യാമളയുടെ മാതാവിനേയും കടിച്ച് പരിക്കേൽപ്പിച്ചു.പിന്നീട് ടിവിപുരത്തു നിന്നും രാജീവ് ഗാന്ധി കോളനിയിലുള്ള മാതാവിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥിയായ കാശിനാഥൻ (13) സ്റ്റോറിൽ പാൽ നൽകിയ ശേഷംവീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന പാമ്പാടശ്ശേരി മണി സതീശൻ (54) എന്നിരേയും നായ കടിച്ചു ഗുരുതരമായി പരിക്കേൽപിച്ചു.കൈയ്ക്കും കാലിനും കടിയേറ്റ രാജു (65)ഭാര്യ ശ്യാമള ( 53), മാതാവ് അമ്മിണി (80), മണി സതീശൻ, കാശിനാഥൻ (13) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് പേരെ ആക്രമിച്ച നായ പ്രദേശത്തെ ആടുകളെയും നായ്ക്കളേയും പൂച്ചകളേയും കടിച്ച് മുറിവേൽപ്പിച്ച ശേഷം നിരവധി കോഴികളേയും കടിച്ചു കൊന്നു. പ്രദേശത്ത് പരിഭാന്ത്രി പരത്തി പാഞ്ഞ് നടന്ന നായയെ പിന്നീട് നാട്ടുകാർ പിടികൂടുകയായിരുന്നു. വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്ത് നായയെ കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ തെരുവുനായക്കുട്ടം കടിച്ചു പരിക്കേൽപിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. ഇടയാഴത്തിന് സമീപം ഉല്ലലയിൽ ഏതാനും ദിവസം മുൻപ് ചങ്ങല പൊട്ടിച്ചു വന്ന വളർത്തുനായ വയോധികരായ മൂന്നു സത്രീകളടക്കം 4 പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി പാഞ്ഞ നായ പിന്നീട് സമീപത്ത് കെട്ടിട്ടിരുന്ന ആടിന്റ ചെവി കടിച്ചെടുത്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വൈക്കം തലയാഴം കൊതവറയിൽ ചക്കാലത്തറ നന്ദിനി (78), പുതിയാമീത്തിൽത്തറ ലില്ലിക്കുട്ടി ( 57), തലയാഴം പ്ലാക്കാടംപള്ളിൽ ത്രേസ്യാമ്മ (74) മകൻ ജോബ് (54) എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. നായകടിച്ച് മുറിവേൽപ്പിച്ച നായ്ക്കൾക്കും ആടുകൾക്കും പൂച്ചകൾക്കും ആരോഗ്യ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവയ്പുനൽകി. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതിനാൽ നാട്ടുകാർ നായയെപിടികൂടി ഇരുമ്പ് കൂട്ടിൽ അടച്ചിട്ടിരിക്കുകയാണ്.നായ വളർത്തുമൃഗങ്ങളേയും തെരുവുനായ്ക്കളേയും കടിച്ചതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ആരോഗ്യ വകുപ്പു അധികൃതർ സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.