കോട്ടയം : പുതുതലമുറയിൽ സാമൂഹ്യാവബോധം പകർന്നുനൽകാനുള്ള വെള്ളൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു. സ്വഛഭാരത്, ശ്രേഷ്ഠബാല്യം തുടങ്ങി നിരവധി പരിപാടികളുടെ വിജയകരമായ നടത്തിപ്പിലൂടെ സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഇതിനോടകം സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പാണ് ഈ രംഗത്തെ എറ്റവും അവസാനത്തേത്.
പ്രമേഹരോഗികൾക്ക് മുൻഗണന നൽകി സംഘടിപ്പിച്ച ക്യാമ്പിൽ 102 പേർ ചികിത്സതേടിയെത്തി. കുമാരനല്ലൂർ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ രോഗികൾക്ക് ആവശ്യമായ മരുന്ന് സൗജന്യമായി നൽകി. ഇതിനുപുറമെ 7 പേർക്ക് കോട്ടയം മെഡിക്കൽ കോളേജ് നേത്രരോഗവിഭാഗവുമായി ബന്ധപ്പെട്ട് തിമിരശസ്ത്രക്രിയ നടത്തുന്നതിനും ക്രമീകരണം ചെയ്തു. ഗ്ലൂക്കോമിയ ബാധിച്ച 4 പേരെയും, കാഴ്ചവൈകല്യം നേരിടുന്ന 35 പേരെയും ഡയബറ്റിക് റെറ്റിനോപ്പതിയുള്ള 8 പേരെയും ക്യാമ്പിലെ പരിശോധനയിൽ കണ്ടെത്തി.
അവാർഡുകളുടെ തിളക്കം
സ്വഛഭാരത് മിഷന്റെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം
ശ്രേഷ്ഠബാല്യം പദ്ധതിയിൽ ജില്ലയിലെ ഏറ്റവും മികച്ച യൂണിറ്റായി തിരഞ്ഞെടുത്തു
സാമൂഹ്യസേവനത്തിന്റെ പാതയിൽ പുതുതലമുറയെ എത്തിക്കുക എന്നതാണ് ഇത്തരത്തിലുള്ള പദ്ധതികൾക്കൊണ്ട് ലക്ഷ്യമാക്കുന്നത്.
രജീഷ് ജെ.ബാബു , പ്രിൻസിപ്പൽ