പൊൻകുന്നം: സ്‌പോർട്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കിക്ക് ഓഫ് പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്കായി ഒരുക്കുന്ന പരിശീലന പരിപാടിക്ക് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഹൈസ്‌കൂൾ വേദിയാകുമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു. ചെറുപ്പത്തിലേ തന്നെ ഫുട്‌ബോൾ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി മെച്ചപ്പെട്ട പരിശീലനസൗകര്യം ലഭ്യമാക്കി മികച്ച താരങ്ങളെ വാർത്തെടുക്കുന്ന പദ്ധതിയിൽ എല്ലാ ജില്ലകളിലുമായി നടക്കുന്ന പ്രോഗ്രാമിൽ പെൺകുട്ടികൾക്കായി അനുവദിച്ചിട്ടുള്ള ജില്ലയിലെ ഏക കേന്ദ്രമാണ് കുന്നുംഭാഗം ഹൈസ്‌കൂൾ. സംസ്ഥാന സ്‌പോർട്സ്, യുവജനകാര്യ ഡയറക്ടറേറ്റ് എന്നിവ എസ് .ഇ .പി. റ്റി. എ. സംഘടനയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ലീഡ്‌സ് യുണൈറ്റഡ് പോലുള്ള ഏജൻസികളുടെയും ദേശീയ അന്തർദേശീയ കായികതാരങ്ങളുടെയും സഹകരണവും അനുഭവസമ്പത്തും പദ്ധതിയിൽ ലഭ്യമാകും. 2009, 2010, 2011 വർഷങ്ങളിൽ ജനിച്ച പെൺകുട്ടികൾക്കാണ് യോഗ്യത. ജില്ലയിലെ ഏത് സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കും സെലക്ഷനിൽ പങ്കെടുത്ത് പ്രസ്തുത സ്‌കൂളിലെ സെന്ററിൽ വച്ച് പരിശീലനം നേടാം. ഇതിനായി രജിസ്‌ട്രേഷൻ നടത്തണം. സെലക്ഷൻ 23ന് രാവിലെ 7 ന് കുന്നേൽ സ്‌കൂൾ ഗ്രൗണ്ടിൽ. വിവരങ്ങൾക്ക്: 9895987841, 7907621886, 7907085513.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് 2 സെറ്റ് യൂണിഫോം, ഫുട്‌ബോൾ, ബൂട്ട്, ജോഗിംഗ് ഷൂ, കിറ്റ്, വാട്ടർബോട്ടിൽ, പരിശീലന ഉപകരണങ്ങൾ, ലൈസൻസുള്ള കോച്ച്, അസിസ്റ്റന്റ് കോച്ച് എന്നിവരുടെ സേവനം, പരിശീലന ശേഷം പോഷകാഹാരം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ സൗജന്യമായി നൽകും.