കോട്ടയം: ഇരുചക്ര വാഹനങ്ങളിൽ പിന്നിലെ യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിയ ഇന്നലെ ജില്ലയിൽ 75 പേർക്കെതിരെ കേസെടുത്തു. ഓടിച്ചിട്ടു പിടിത്തവും ലാത്തിയേറും ഒഴിവാക്കി ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും സമാധാന അന്തരീക്ഷത്തിലാണ് പരിശോധന നടത്തിയത്. ചിലയിടങ്ങളിൽ ബോധവത്കരണം തുടർന്നു. യാത്രക്കാർ പൊതുവെ ഹെൽമറ്റ് ധരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ, ആവശ്യത്തിന് ഹെൽമറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

മോട്ടോർ വാഹന വകുപ്പിന്റെ രണ്ടു സ്‌ക്വാഡുകൾ ഇന്നലെ 12 പേർക്കെതിരെ കേസെടുക്കുകയും 6000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും മാത്രമാണ് പൊലീസ് പിഴയീടാക്കിയത്. വൈക്കത്തും കറുകച്ചാലിലും കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും, കോട്ടയം വെസ്റ്റിലും ഈസ്റ്റിലും പൊലീസ് അമിതാവേശം കാണിച്ചില്ല.