തലയോലപ്പറമ്പ്: 2008 ലെ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം അനധികൃതമായി പാടം നികത്തിയതിനെതിരെ ശക്തമായ നടപടികളുമായി മുളക്കുളം വില്ലേജ് ഓഫീസർ. മുളക്കുളം വില്ലേജിൽ കുന്നപ്പള്ളി പാന നടപ്പാലത്തിന് സമീപവും അവർമ ജംഗ്ഷനിലുമാണ് അനധികൃത പാടം നികത്തൽ തകൃതിയായി നടന്നു വന്നത്. നിരവധി പരാതികൾ ലഭിച്ചതോടെ അനധികൃത പാടം നികത്തലിനെതിരെ രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയതും അതോടൊപ്പം പാടം നികത്തിയ മണ്ണ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് പാലാ ആർഡിഒ യ്ക്ക് റിപ്പോർട്ടും നൽകിയിരുന്നതാണ്. എന്നാൽ നിരോധന ഉത്തരവ് ഉണ്ടായിരുന്ന പാടം കഴിഞ്ഞ ദിവസം രാത്രി സമയത്ത് മണ്ണ് അടിച്ചു നികത്തുകയായിരുന്നു. സ്റ്റോപ്പ് മെമ്മോകൾക്കും വിലക്കുകൾക്കും പുല്ലുവില കൽപ്പിച്ച് നിർബാധം തുടർന്ന നിയമ ലംഘനത്തിനെതിരെ വില്ലേജ് ഓഫീസർ ഒടുവിൽ വേറിട്ട നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ കോട്ടയം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സ്ഥലം ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്. കേസ് ഫയൽ ചെയ്തതിന്റെ ഫലമായി സ്ഥലം ഉടമയായ മുളക്കുളം വില്ലേജ് പുത്തൂർ പരിക്കണ്ണിത്താനത്ത് അനിൽ തോമസിനെതിരെ കേസ് എടുത്ത് സമൻസ് അയച്ചു. അനധികൃത നിലംനികത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27 ന് കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.