തലയോലപ്പറമ്പ്: തലയോലപ്പറമ്പ് തിരുപുരം ശ്രീ കൃഷ്ണണസ്വാമി ക്ഷേത്രത്തിൽ ഇന്നലെ നടന്ന പകൽ പൂരം വർണാഭമായി. വൈകിട്ട് 4ന് പൂര മൈതാനിയിൽ ചമയങ്ങൾ അണിഞ്ഞ് 15 ഗജവീരന്മാർ അണിനിരന്നതോടെ ക്ഷേത്രം തന്ത്രി മനയത്താറ്റ് മന പ്രകാശൻ നമ്പൂതിരി ദീപപ്രകാശനം നടത്തി. വീര ശൃംഖല ജേതാവ് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ നൂറ്റമ്പതോളം വാദ്യ കലാകാരൻമാർ നടത്തിയ പാണ്ടിമേളം കാതുകളിൽ ഇമ്പമേകി. വാദ്യ മേളത്തിനൊപ്പം നൃത്ത ചുവടുവച്ച് പൂര മൈതാനത്ത് തിമർത്താടിയ മയിലാട്ടം പൂരം കാണാൻ എത്തിയ ആയിരങ്ങൾക്ക് നയന മനോഹരമായി. തൃശൂർ പൂരത്തിന് സമാനമായി ബഹുവർണ നിലകളോടുകൂടിയ കുടമാറ്റം കാണികൾക്ക് ആനന്ദമേകി. പൂരത്തിനിടെ നടത്തിയ കരിമരുന്ന് കലാ പ്രകടനം മൈതാനിയിൽ വർണക്കുട വിരിയിച്ചു. രാത്രി 7.30 വരെ നീണ്ട് നിന്ന പൂരം ദർശിക്കാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഗജരാജ ലക്ഷണ പെരുമാൾ പാമ്പാടി രാജൻ ഭഗവാന്റെ തിടമ്പേറ്റി. പുതുപ്പള്ളി സാധു, ഭരണങ്ങാനം ഗണപതി, ഉട്ടോളി മഹാദേവൻ, കാഞ്ഞിരക്കാട് ശേഖരൻ, തോട്ടക്കാട് പാർഥസാരധി, മധുരപ്പുറം കണ്ണൻ, ചെറായി പമേശ്വരൻ, മുല്ലത്ത് ഗണപതി, അയിരൂർ വാസുദേവൻ, തിരുവേഗപ്പുറം പത്മനാഭൻ, വലിയ പുരയ്ക്കൽ നന്ദനൻ, പാറന്നൂർ നന്ദൻ, ഭരണങ്ങാനം ഗണപതി, കാളകുത്തൻ കണ്ണൻ, നെല്ലിക്കാട് മഹാദേവൻ, എന്നിവർ അകമ്പടിയായി. ഇന്ന് രാവിലെ 10ന് ഭക്തിഗാനസുധ ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട് വൈകിട്ട് 4ന് കൊടിയിറക്ക് 5 ന് ആറാട്ട് പുറപ്പാട് 7ന് തിരു ആറാട്ട് 7.15ന് നൃത്തനാടകം 8.30 ന് ആറാട്ടെതിരെല്പ്, ഇറക്കി പൂജ എന്നിവയോടെ ഉത്സവം സമാപിക്കും.