പൊൻകുന്നം: ഭാര്യയുടെ ഫോൺ കോളിൽ അദ്ധ്യാപകന്റെ രണ്ടാം വിവാഹം മുടങ്ങി. ഇന്നലെ എലിക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹമാണ് മുടങ്ങിയത്. വരൻ എലിക്കുളം വഞ്ചിമല കൂനാനിക്കൽതാഴെ സനിലിന്റെ പേരിൽ പൊലീസ് കേസെടുത്തു.
13 വർഷമായി ഒരുമിച്ച് താമസിക്കുന്ന സഹപ്രവർത്തകയെ സനിൽ കഴിഞ്ഞയാഴ്ചയാണ് ചേർത്തലയിലെ ക്ഷേത്രത്തിൽ വച്ച് താലികെട്ടിയത്. ഇരുവരും പെരുന്തൽമണ്ണയിലെ ഒരു സ്‌കൂളിൽ അദ്ധ്യാപകരാണ്.
എലിക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ മുടക്കാൻ പലരും ശ്രമിക്കുമെന്ന് സനിൽ വധുവിനോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം രാത്രി യാഥാർത്ഥ ഭാര്യ ഇവരെ വിളിച്ചപ്പോൾ അതുകൊണ്ടുതന്നെ ആദ്യം വിശ്വസിച്ചില്ല. തുടർന്ന് വാട്ട്‌സ് ആപ്പിൽ വിവാഹ ഫോട്ടോ അയച്ചുകൊടുത്തു. സ്ഥിരീകരണത്തിനായി വധു സനിലിനെ വിളിച്ചങ്കിലും ഫോണെടുത്തില്ല. പുലർച്ചെ ഇയാൾ വീട്ടിൽനിന്ന് മുങ്ങുകയും ചെയ്തു. ഇരുവീട്ടുകാരും നടത്തിയ അന്വേഷണങ്ങളിൽ സംഭവം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. വധുവിന്റെ വീട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പെരിന്തൽമണ്ണ സ്വദേശിനിയുമായുള്ള ബന്ധം സനിൽ വീട്ടിലറിയിച്ചിട്ടില്ലായിരുന്നു. തന്റെ വീട്ടുകാർ വിവാഹം നടത്താൻ സാദ്ധ്യതയുണ്ടെന്ന് സനിൽ പറഞ്ഞപ്പോഴാണ് യുവതിയുടെ വീട്ടുകാർ ഇടപെട്ട് ചേർത്തലയിൽ വെച്ച് താലി കെട്ടിയത്.