കോട്ടയം: കേന്ദ്രം പച്ചരി വിഹിതം വെട്ടിക്കുറച്ചതോടെ ക്രിസ്മസ് ആഘോഷങ്ങളിലെ കള്ളപ്പത്തിന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി. ക്രിസ്മസ് ആഘോഷമെന്നാൽ ക്രിസ്ത്യാനികൾക്ക് കള്ളപ്പവും കോഴിക്കറിയുമാണ്പ്രധാനം. രണ്ടു മാസമായി റേഷൻ കടകളിൽ പച്ചരി ലഭിക്കാത്തതിനെത്തുടർന്ന് പൊതുവിപണിയിൽ വില കുതിച്ചുയർന്നു. 28 രൂപയുണ്ടായിരുന്ന പച്ചരിക്ക് ഇപ്പോൾ കിലോയ്ക്ക് വില 35 ആണ്. റേഷൻ കടയിൽ 10.90 രൂപയ്ക്ക് കിട്ടിയിരുന്ന പച്ചരിയാണ് ഇപ്പോൾ വലിയ വില കൊടുത്ത് സാധാരണക്കാർ വാങ്ങുന്നത്. കേന്ദ്ര വിഹിതം മൊത്തത്തിൽ കുറഞ്ഞതിനാൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കുത്തരിയാണ് ഇപ്പോൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. വെളള റേഷൻ കാർഡുളള എ.പി.എൽ വിഭാഗത്തിന് കിലോയ്ക്ക് 10.90 രൂപയ്ക്കാണ് പച്ചരിയും കുത്തരിയും വെളള അരിയും കിട്ടുന്നത്. നീല കാർഡുളളവർക്ക് നാല് രൂപയ്ക്കും ചുവന്ന കാർഡുളളവർക്ക് രണ്ട് രൂപയ്ക്കും മഞ്ഞ കാർഡുളളവർക്ക് സൗജന്യമായുമാണ് സർക്കാർ അരി വിതരണം ചെയ്യുന്നത്. എന്നാൽ, റേഷൻ കടകളിലൂടെയുള്ള പച്ചരി വിതരണം നിലച്ചതോടെ പൊതുവിപണിയിൽ പച്ചരിക്ക് വില കൂട്ടുകയായിരുന്നു. പച്ചരി വരവ് കുറഞ്ഞതു കൊണ്ടാണ് വില കൂടിയതെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. എന്നാൽ ക്രിസ‌്മസ് കാലം മുന്നിൽകണ്ട് പച്ചരി ലഭ്യമാക്കാൻ അധികൃതർ ശ്രമമാരംഭിച്ചിട്ടുണ്ട്. കുറച്ചെങ്കിലും പച്ചരി സംഭരിച്ച് റേഷൻ കടകളിലൂടെ വിതരണം ചെയ്യാനാകുമെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ പ്രതീക്ഷ.
രണ്ടു ദിവസത്തിനകം വിവരമറിയാം
പഴയ സ്റ്റോക്ക് പച്ചരി റേഷൻകടകളിലൂടെ കഴിഞ്ഞമാസം ചെറിയതോതിൽ വിതരണം ചെയ്തിരുന്നു. പച്ചരി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ‌്മസ് കാലത്തുതന്നെ അത് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫുഡ് കോർപ്പറേഷൻ ഗോഡൗണിൽ പച്ചരി വന്നിട്ടുണ്ടെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ വിതരണം ചെയ്യാനാകുമെന്നും
ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണൻ പറഞ്ഞു