കോട്ടയം: ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മാലമോഷ്ടാക്കൾ ബൈക്കുകളിൽ പായുകയാണ്. ഇന്ന് പുലർച്ചെ വീട്ടുമുറ്റത്തുനിന്ന വയോധികയുടെ മൂന്നു പവന്റെ താലി മാലയാണ് പൊട്ടിച്ചെടുത്തത്. കുര്യനാട് കപ്പിലുമാക്കൽ ഏലിക്കുട്ടിയുടെ (78) മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.
രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നതെന്നും എന്തോ ചോദിക്കാനായി വീട്ടുമുറ്റത്ത് കയറിയ ആൾ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും ഏലിക്കുട്ടി പൊലീസിനോട് പറഞ്ഞു. ഏലിക്കുട്ടിയുടെ ബഹളം കേട്ട് ആളുകൾ എത്തുംമുമ്പേ ഇവർ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. കുറവിലങ്ങാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.