കറുകച്ചാൽ: ഉയിരുറപ്പിച്ച് എങ്ങനെ വീടിന് പുറത്തിറങ്ങും. പത്തനാട്ടുകാർ ഇങ്ങനെ പരിഭവപ്പെട്ടെങ്കിൽ അത്ഭുതപ്പെടാനില്ല. കാരണം പ്രദേശത്ത് കഞ്ചാവ് മാഫിയയാണ് തമ്പടിച്ചിരിക്കുന്നത്. പത്തനാടിന് പുറമേ ഇടയിരിക്കപ്പുഴയിലും കഞ്ചാവ് മാഫിയയുടെ പ്രവർത്തനം സജീവമായിരിക്കുകയാണ്. പ്രദേശത്ത് ലഹരി കച്ചവടവും രാത്രികാല ആക്രമങ്ങളും വർദ്ധിച്ചുവരികയാണ്. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും ആക്രമിക്കുന്നതും ഇവിടെ പതിവാണ്. പിടിയിലാകുന്നവരിലേറെയും കഞ്ചാവ് കച്ചവടം നടത്തുന്നവരും വിവിധ ക്രിമിനൽകേസുകളിലെ പ്രതികളുമാണ്.
കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ചെറുതും വലുതുമായി പത്ത് ആക്രമണങ്ങളാണ് പത്തനാട് പ്രദേശത്ത് ഉണ്ടായത്. ബുധനാഴ്ച രാത്രിയിലാണ് ഇടയപ്പാറയിൽ ബൈക്കിലെത്തിയ യുവാക്കൾ മഴുകാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കറുകച്ചാൽ പൊലീസിനെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചു. ഓടിരക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. സംഭവത്തിൽ പൊലീസുകാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. പിടിയിലായ മുഖ്യപ്രതി കടയിനിക്കാട് പുതുപ്പറമ്പിൽ സുരേഷിന്റെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇയാളുടെ പക്കൽനിന്നും 15ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു.
രണ്ടുമാസം മുമ്പാണ് ഇടയിരിക്കപ്പുഴയിൽ കടയടച്ച് മടങ്ങിയ വ്യാപാരിയെ കുത്തിവീഴ്ത്തി 50,000 രൂപയും സ്വർണവും കവർന്നത്. സംഭവത്തിൽ മൂന്നു പേരാണ് പിടിയിലായത്. ഇവരും കഞ്ചാവ് കേസിലെ പ്രതികളായിരുന്നു. കങ്ങഴയിൽ സ്റ്റേഷനറിക്കട നടത്തുന്ന മണ്ണൂപ്പുരയിടം പേക്കുഴിയിൽ ഷിബു കടയച്ച് മടങ്ങുമ്പോൾ മുളകുപൊടി വിതറിയശേഷം പണം തട്ടിയെടുത്തിരുന്നു. രാത്രിയിൽ പത്തനാട് കവല, ഇടയപ്പാറ, മുണ്ടത്താനം, കുളത്തൂർമൂഴി ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം വ്യാപകമാണ്. പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഊർജിതമാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.പത്തനാട് കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.