udayanapuram

വൈക്കം: ആചാര പെരുമയിൽ ഉദയനാപുരം ശ്രീസുബഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് കൊടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ചെറിയ പരമേശ്വരൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്. ഉഷ പൂജ, എതൃത്തപൂജ, പന്തിരടി പൂജ എന്നിവയ്ക്ക് ശേഷം ദേവസേനാപതിയുടെ കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ദേവചൈതന്യം കൊടി കൂറയിലേക്ക് പകരുന്ന വിശേഷാൽ പുജകളും നടന്നു. ഇതിനു ശേഷമാണ് കൊടിയേറ്റിയത്.ചടങ്ങിൽ തന്ത്രി മുഖ്യൻമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കനേടത്ത് മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ ആഴാട് ഉമേഷ് നമ്പൂതിരി, ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി, തരണി ശ്രീധരൻ നമ്പൂതിരി, പാറോളി വാസുദേവൻ നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. കൊടിമരച്ചുവട്ടിലൊരുക്കിയ വെള്ളി വിളക്കുകളിലെ നെയ്തിരി ദീപങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും മുത്തുക്കുടകളും, വാദ്യമേളങ്ങളും അകമ്പടിയായി. കൊടിയേറ്റിന് ശേഷം ആദ്യ ശ്രീബലിയും നടന്നു. ഗജരാജൻ ചെറുശ്ശേരി രാജ ഭഗവാന്റ തിടമ്പേറ്റി. കൊടിമരചുവട്ടിലെ കെടാവിളക്കിൽ അസിസ്റ്റൻഡ് കമ്മിഷണർ ജി.ജി. മധു ദീപം തെളിയിച്ചു. വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ഡി. ജയകുമാർ, സബ് ഗ്രൂപ്പ് ഓഫിസർ കെ. ആർ. വിജയകുമാർ എന്നിവർ പങ്കെടുത്തു. ഡിസംബർ 10 നാണ് തൃക്കാർത്തിക.11 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.