കോട്ടയം: യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി അകലക്കുന്നം പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ജോസ് , ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്നു . പത്രിക പിൻവലിക്കൽ സമയം കഴിഞ്ഞിട്ടും ഇരുഗ്രൂപ്പ് സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയും ഇവിടെ പത്രിക നൽകിയിരുന്നെങ്കിലും ഡമ്മി സ്ഥാനാർത്ഥിയടക്കം പിൻവലിച്ചു. ആരെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് തീരുമാനിച്ചിട്ടില്ല .
കോട്ടയത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും ജോസ് വിഭാഗം അംഗങ്ങൾ യു.ഡി.എഫ് ധാരണ ലംഘിച്ച് നഗരസഭ ചെയർമാൻ , പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിൽ തുടരുകയാണ്.യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടും ജോസഫ് വിഭാഗത്തിന് നൽകേണ്ട ചങ്ങനാശേരി നഗരസഭ ചെയർമാൻ സ്ഥാനം രാജി വച്ചിട്ടില്ല. അകലക്കുന്നത്ത് പിന്തുണ നൽകണമെങ്കിൽ യു.ഡി.എഫ് ധാരണ പാലിക്കണമെന്ന നിർദ്ദേശം വച്ച് ജോസ് വിഭാഗത്തിന് മൂക്കു കയറിടാൻ കോൺഗ്രസ് നീക്കമാരംഭിച്ചിട്ടുണ്ട്. ഇരുവിഭാഗവും രണ്ടില ആവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും ജോസ് വിഭാഗത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. വാർഡംഗമായിരുന്ന കേരള കോൺഗ്രസ് എമ്മിലെ ബേബി പന്തലാനി മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജോസ് കെ. മാണി വിഭാഗത്തിലെ ജോർജ് മൈലാടിയും പി.ജെ. ജോസഫ് പക്ഷത്തെ വിപിൻ തോമസ് ആനിക്കലുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളെന്ന നിലയിൽ പരസ്പരം മത്സരിക്കുന്നത്. ജോർജ് മൈലാടിയുടെ പത്രികയിൽ രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് വിഭാഗം ജില്ലാ സെക്രട്ടറി സണ്ണി തെക്കേടവും വിപിൻ തോമസിന് രണ്ടില ചിഹ്നം നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫും ഒപ്പിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ജോസഫിന്റെ സ്ഥാനാർത്ഥിക്കാണ് രണ്ടില ചിഹ്നം അനുവദിച്ചത്. ഡിസംബർ 17നാണ് ഉപ തിരഞ്ഞെടുപ്പ്. ജോസ് വിഭാഗം സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞടുപ്പ് നടക്കുന്നതിനാൽ ധാരണ പ്രകാരം അവർക്കാണ് പിന്തുണ നൽകേണ്ടത്. എന്നാൽ ചങ്ങനാശേരി നഗര സഭ ചെയർമാൻ , കാഞ്ഞിരപ്പള്ളി ബ്ളോക്ക് പ്രസിഡന്റ് സ്ഥാനങ്ങളിൽ ധാരണ ലംഘിച്ച് ജോസ് വിഭാഗം അംഗങ്ങൾ തുടരുകയാണ്. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണം.
ഇന്നത്തെ കോൺഗ്രസ് ഉന്നതതല യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ളത്. ജോസ് വിഭാഗം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. എല്ലാ വശങ്ങളും ചർച്ച ചെയ്ത ശേഷമായിരിക്കും ആരെ പിന്തുണക്കുകയെന്ന് കോൺഗ്രസ് തീരുമാനിക്കുക.
അഡ്വ. ജോഷി ഫിലിപ്പ് (കോട്ടയം ഡി.സി.,സി പ്രസിഡന്റ്)