കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിൽ തുടക്കമിട്ട വിവിധ വികസന പ്രവർത്തനങ്ങളെല്ലാം മതിയായ ഫണ്ട് അനുവദിക്കാതെ പാതി വഴിയിൽ മരവിപ്പിച്ചതായി ആക്ഷേപം. എൽ. ഡി. എഫ് സംസ്ഥാനത്ത് അധികാരത്തിൽ വന്ന ശേഷം യു. ഡി. എഫിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതികളൊന്നും രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നാണ് കോട്ടയം എം. എൽ. എയുടെ പരിദേവനം.
ആകാശ പാത
ശീമാട്ടി റൗണ്ടാനയിൽ ഗതാഗതകുരുക്ക് ഇല്ലാതാക്കാൻ തയ്യാറാക്കിയ ആകാശപാതയ്ക്ക് 5 കോടി 18 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് . വാട്ടർ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും നിർമാണ ജോലി ഏറ്റെടുത്ത ഇരുമ്പനത്തെ കമ്പനിക്കുമായി ഒരു കോടി 37 ലക്ഷം രൂപ നൽകി .ബാക്കി ഫണ്ട് അനുവദിക്കാത്തതിനാൽ പണി സ്തംഭിച്ചിട്ടു മാസങ്ങളായി.കൊല്ലത്തും തൃശൂരും ആകാശ പാതയുടെ നിർമാണ പ്രവർത്തനം നടക്കുമ്പോൾ കോട്ടയത്ത് ഈ പദ്ധതി ആവശ്യമില്ലെന്ന് പറഞ്ഞാണ് അട്ടിമറി സമരം നടത്തുന്നത്.
ട്രാൻ. കോംപ്ലക്സ്
37 കോടി രൂപയുടെ പദ്ധതിയായിരുന്നു ബഹുനില കെ.എസ്.ആർ.ടി.സി കോപ്ലക്സ് . പണി തുടങ്ങിയെങ്കിലും പണം കിട്ടാതെ വന്നതോടെ ടെണ്ടർ എടുത്തയാൾ ഇട്ടിട്ടു പോയി. എം.എൽ.എ ഫണ്ടിൽ നിന്നുള്ള പണം ചെലവഴിച്ച് ഗാരേജ് നിർമിച്ചു. ഇവിടുത്തെ മണ്ണ് എടുക്കാൻ 12 ലക്ഷം രൂപ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് നൽകണമെന്ന ഉടക്കിട്ടതോടെ നിർമാണം സ്തംഭിച്ചു. സ്റ്റാൻഡ് കുണ്ടും കുഴിയുമായതോടെ എം.എൽഎ ഫണ്ടിൽ നിന്ന് പ്ലാറ്റ് ഫോം പണിയാൻ ഒരു കോടി വീണ്ടും അനുവദിച്ചിട്ടുണ്ട്. ഇതു വരെ നാലു കോടി ചെലവഴിച്ചു.
കോടിമത പാലം
ഫണ്ട് അനുവദിക്കാതെ വന്നതാണ് കോടിമത രണ്ടാം പാലം പണിയും സ്തംഭിച്ചത്. പുറമ്പോക്കിലെ രണ്ടു വീട്ടുകാരെ ഒഴിപ്പിക്കണം. രണ്ടു ലക്ഷം രണ്ട് വീട്ടുകാർക്ക് നൽകാൻ ധാരണയായി .30000 രൂപ ആദ്യ ഗഡു നൽകി. എന്നിട്ടും ഇവർ മാറുന്നില്ല . ജനപ്രതിനിധി ഇടപെട്ട് ഇവരെ ബോധവത്ക്കരിക്കണമെന്നായിരുന്നു നിയമസഭയിൽ ലഭിച്ച മറുപടി
മുടങ്ങിയ മറ്റു പദ്ധതികൾ
താലൂക്ക്ഓഫീസ് രണ്ടാം ഘട്ടം പണി
നട്ടാശേരി റഗുലേറ്റർ കം ബ്രിഡ്ജ്
കച്ചേരിക്കടവ് ടൂറിസം പദ്ധതി
പുതിയ പദ്ധതികൾ
ശാസ്ത്രി റോഡ് വികസനം (9.2 കോടി )
ലോവർ ബസാർ റോഡ് (6 കോടി)
നബാർഡ് റോഡ് പദ്ധതി (5.7 കോടി)
കോട്ടയത്ത് നിലച്ചത്
500
കോടിയുടെ വികസനം
' ഇതെല്ലാം ജനങ്ങൾക്കറിയാം. വികസനത്തിൽ രാഷ്ട്രീയ നിറം കലർത്തുന്നത് ഞങ്ങളോട് മാത്രമല്ല, ഒരു നാടിനോടും ചെയ്യുന്ന ദ്രോഹമാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് കേരളത്തിൽ ഒരു മണ്ഡലത്തിലും നടക്കാത്ത തരത്തിൽ 1171 കോടിരൂപയുടെ വികസനമാണ് കോട്ടയത്തു നടന്നത്. 16 പാലങ്ങൾ അഞ്ചു വർഷം കൊണ്ട് പൂർത്തിയായി. വികസനത്തിന്റെ പേരിൽ വോട്ടു തേടി വൻ ഭൂരിപക്ഷത്തോടെ വീണ്ടും എം.എൽഎ ആയെങ്കിലും ഇടതു ഭരണകാലത്ത് ആരംഭിച്ച പദ്ധതികളെല്ലാം പാതി വഴിയിൽ നിലച്ച അവസ്ഥയിലാണ്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ.