പാലാ: കേരളാ കോൺഗ്രസിൽ ജോസഫ് -ജോസ്. കെ. മാണി പോര് മൂർച്ഛിക്കുമ്പോഴും പാലാ നഗരസഭയുടെ അടുത്ത ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്ക് ഇരുകൂട്ടരും മേരി ഡൊമിനിക്കിനെ തന്നെ
പിന്തുണയ്ക്കുമെന്ന് ഉറപ്പായി. നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും.
ഭരണപക്ഷത്തെ മറ്റ് അഞ്ച് കൗൺസിലർമാരുടെ കൂടി പിന്തുണയുള്ള ജോസഫ് വിഭാഗം നേതാവ് കുര്യാക്കോസ് പടവന് പ്രതിപക്ഷ കൗൺസിലർമാരുമായും അടുപ്പമുണ്ട്.
പരസ്പരം രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിലും നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ ഒരാൾക്കു വേണ്ടി ഇരുവിഭാഗവും യോജിക്കുന്നത് കൗതുക കാഴ്ചയായിട്ടുണ്ട്.
നഗരസഭയിലെ വിവിധ ചർച്ചകളിൽ ഭരണപക്ഷ കൗൺസിലർമാർ ചേരിതിരിയുമ്പോൾ മേരി ഡൊമിനിക്ക് എന്നും വൈസ് ചെയർമാൻ കുര്യാക്കോസ് പടവന്റെ നിലപാടുകളോടാണ് യോജിച്ചിരുന്നത്. അതേ സമയം കെ. എം. മാണിയോട് കൂറ് എന്നും പുലർത്തിയിരുന്ന മേരി, ജോസ്. കെ. മാണി വിഭാഗത്തെ ഒരിക്കലും തള്ളിപ്പറയുന്നില്ല .
അരുണാപുരം കോളേജ് വാർഡിൽ നിന്നും 2000-2005 കാലഘട്ടത്തിലും പിന്നീട് 2015 ലും തിരഞ്ഞെടുക്കപ്പെട്ട മേരി , വൈപ്പനയിൽ ഡൊമിനിക്കിന്റെ ഭാര്യയാണ്. നാലു മക്കളുണ്ട്.