പാലാ: സ്വകാര്യ എക്‌സിബിഷൻകാർക്ക് വേണ്ടി വൈദ്യുതി പോസ്റ്റിലൂടെ വയർ വലിച്ച് അനധികൃതമായി വൈദ്യുതി ദീപാലങ്കാരം ; ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ. പാലാ മുണ്ടുപാലം സുലഭ ഗ്രൗണ്ടിൽ നടക്കുന്ന പാലാ ഫെസ്റ്റ് എക്‌സിബിഷന് വേണ്ടി വഴി നീളെ വൈദ്യുതി ദീപാലങ്കാരം ഒരുക്കുന്നതിനിടെ പുനലൂർ കമുകുംചേരി വിദ്യാഭവനിൽ സിജു(30) വിനാണ് ഷോക്കേറ്റതെന്ന് പാലാ പൊലീസ് പറഞ്ഞു.
മുണ്ടുപാലം കവലയിൽ ഞായറാഴ്ച രാത്രി 7 മണിയോടെ ആയിരുന്നൂ അപകടം. വൈദ്യുതി പോസ്റ്റിനു സമീപം ഗോവണി വെച്ച് കയറി വൈദ്യുതി അലങ്കാര മാല ബൾബുകൾ പരിശോധിക്കുന്നതിനിടെ ഷോക്കേറ്റ സിജു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിസരവാസികൾ ഓടിക്കൂടി സിജുവിനെ ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇയാൾ അപകട നില തരണം ചെയ്തതായി മെഡിക്കൽ കോളജാശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെയാണ് എക്‌സിബിഷൻ നടത്തിപ്പുകാർ വൈദ്യുതി പോസ്റ്റിലൂടെ വയർ വലിച്ച് വൈദ്യുതാലങ്കാരം നടത്തിയതെന്ന് പാലാ വൈദ്യുതി ഭവൻ അസി. എൻജിനീയർ അശോക് പറഞ്ഞു.
അനധികൃതമായി പോസ്റ്റിലൂടെ വയർ വലിച്ചത് ഉടൻ അഴിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് എക്‌സിബിഷൻ സംഘാടകരായ വിനു പി.ജി, മണി എന്നിവർക്ക് അടിയന്തിര നോട്ടീസ് നൽകിയതായും അസി. എഞ്ചിനീയർ പറഞ്ഞു.
തുടർന്ന് സംഘാടകർ ഇന്നലെ ഉച്ചയോടെ മാല അലങ്കാരം അഴിച്ചു തുടങ്ങി.
തങ്ങൾ ലൈനിൽ നിന്നും വൈദ്യുതി എടുത്തിട്ടില്ലെന്നും ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി എടുക്കുന്നതെന്നുമാണ് സംഘാടകർ നൽകിയ വിശദീകരണമെന്നും പാലാ വൈദ്യുതി ഭവൻ അധികാരികൾ പറഞ്ഞു. അതേ സമയം നിരവധി ആളുകളെത്തുന്ന ഇത്തരമൊരു വലിയ എക്‌സിബിഷന് ജനറേറ്റർ ഉപയോഗിക്കണമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ മുൻകൂർ അനുവാദം വേണമെന്നും സംഘാടകർ അനുമതി വാങ്ങിയിട്ടേയില്ലെന്നും കോട്ടയം ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് അധികാരികൾ പറഞ്ഞു. ഇന്ന് ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ടി.സി. മോഹനൻ, അസി. ഇൻസ്‌പെക്ടർ ജെറി ജോസ് എന്നിവർ സംഭവ സ്ഥലം സന്ദർശിക്കും. എക്‌സിബിഷന് വേണ്ടിയല്ല സിജു വൈദ്യുതി അലങ്കാര പണികൾ നടത്തിയതെന്നാണ് എക്സിബിഷൻ സംഘാടകരുടെ വാദം. വഴിയിൽ വൈദ്യുതി അലങ്കാരം നടത്തുന്നതിനിടെ ആർക്കോ ഷോക്കേറ്റതായി കേട്ടെന്നും അയാൾ തങ്ങളുടെ ആളല്ലെന്നും പാലാ ഫെസ്റ്റ് എക്‌സിബിഷന്റെ സംഘാടകരിൽ ഒരാളായ വിനു പി.ജി. പറയുന്നു.