പാലാ: ജനറൽ ആശുപത്രി വികസന സമിതി യോഗം വോട്ടിംഗിലൂടെ ആശുപത്രിക്ക് പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടാൻ തീരുമാനിച്ച കാര്യം നടക്കില്ല. ആശുപത്രി വികസന സമിതി യോഗത്തിലെ സ്ഥിരം ക്ഷണിതാവായ എം.എൽ.എ യ്ക്കും മറ്റ് ക്ഷണിതാക്കളായ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്കും ആശുപത്രി വികസന സമിതി റൂൾ 13 പ്രകാരം വോട്ടവകാശം ഇല്ല. ഇത് വ്യക്തമാക്കുന്ന നിയമോപദേശം ഇന്നലെയാണ് ആശുപത്രി അധികാരികൾക്ക് ലഭിച്ചത്. നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ വോട്ടിംഗിലൂടെ എടുത്ത തീരുമാനം റദ്ദാക്കണമെന്ന ആവശ്യവുമായി ജനറൽ ആശുപത്രിയുടെ ചുമതലയുള്ള പാലാ നഗരസഭാ ഭരണപക്ഷം ഇന്ന് ആശുപത്രി സൂപ്രണ്ടിനെ നേരിൽ കാണും.
കഴിഞ്ഞ 26ന് ചേർന്ന വികസന സമിതി യോഗത്തിൽ പ്രൊഫ. കെ. എം. ചാണ്ടിയുടെ പേര് ജനറൽ ആശുപത്രിക്ക് നൽകാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരുന്നു. നേരത്തേ പാലാ നഗരസഭാ യോഗം ഐകകണ്‌ഠ്യേന കെ. എം. മാണിയുടെ പേര് ജനറൽ ആശുപത്രിക്ക് ഇടാൻ തീരുമാനിച്ചിരുന്നു. വികസനസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്തപ്പോൾ യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന പാലാ നഗരസഭാ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവനും, കേരളാ കോൺഗ്രസ് പ്രതിനിധി ഫിലിപ്പ് കുഴികുളവും ആശുപത്രിക്ക് കെ.എം. മാണിയുടെ പേരിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മാണി.സി. കാപ്പൻ എം.എൽ.എയുടേയും ഇടതുമുന്നണിയിൽപ്പെട്ട രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും. ആവശ്യപ്രകാരം വിഷയം വോട്ടിനിടുകയും ആശുപത്രിക്ക് പ്രൊഫ. കെ. എം. ചാണ്ടിയുടെ പേരിടാൻ തീരുമാനിക്കുകയുമായിരുന്നു.