കോട്ടയം: കോട്ടയം - കുമരകം റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കുമരകം ടൂറിസ വികസനം മുന്നിൽ കണ്ട് കിഫ്ബിയിൽപ്പെടുത്തി 120 കോടി രൂപ റോഡ് വികസനത്തിനായി അനുവദിച്ചെങ്കിലും തുടർനടപടികൾ ആയില്ല. വീതി കുറഞ്ഞ കുമരകം റോഡിൽ അപകടങ്ങൾ പെരുകുന്നതിനൊപ്പം ഗതാഗതക്കുരുക്കും രൂക്ഷമാവുകയാണ്. കോട്ടയം കുമരകം റോഡ് വികസനത്തിനായി കഴിഞ്ഞ ബഡ്ജറ്റിലും 120 കോടി രൂപ മാറ്റിവച്ചിരുന്നു. റോഡ് വീതി കൂട്ടാനോ അപകടാവസ്ഥ പരിഹരിക്കാനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. വീതി ഏറെ കുറഞ്ഞ് അപകടാവസ്ഥയിലുള്ള കോണത്താറ്റ് പാലം കടന്നുകിട്ടാൻ ഏറെ നേരം കാത്തുകിടക്കണം.
എഴുപത് വർഷത്തിലേറെ പഴക്കമുള്ള പാലത്തിനടിയിലെ കരിങ്കൽ കെട്ടുകൾ തകർന്ന നിലയിലാണ്. റോഡ് വികസത്തോടൊപ്പം പാലം നിർമ്മാണം എന്നു പറയുമ്പോഴും ഭൂമി ഏറ്റെടുക്കൽ ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. ഇല്ലിക്കൽ മുതൽ കുമരകം വരെയുള്ള സ്ഥലമെടുപ്പ് ജോലികൾ എന്ന് പൂർത്തിയാകുമെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം നൽകാൻ ബന്ധപ്പെട്ടവർക്കാർക്കും കഴിയുന്നില്ല . കോണത്താറ്റ് പാലം വീതി കൂട്ടി പണിയാൻ നിലവിൽ സ്ഥലം ഏറ്റെടുക്കേണ്ടതില്ല പാലത്തിന്റെ ഇരു വശത്തുമായി പുറമ്പോക്ക് ഭൂമി നിലവിലുണ്ട്.
സി.പി.ഐ പ്രക്ഷോഭത്തിലേയ്ക്ക്
കോട്ടയം - കുമരകം റോഡ് നവീകരണം വൈകുന്നതിനെതിരെ സി.പി.ഐ പ്രക്ഷോഭത്തിലേയ്ക്ക്. ഇന്ന് വൈകിട്ട് 3ന്
ചെങ്ങളം വായനശാല കവലയിൽ നിന്നും ആക്ഷന കൗൺസിൽ ജനറൽ സെക്രട്ടറി ഡി.ജി പ്രകാശന്റെ നേതൃത്വത്തിൽ ബഹുജന മാർച്ചും നാലിന് കുമരകത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. റോഡ് വികസനത്തിനും പാലങ്ങളുടെ പുനർനിർമാണത്തിലും മെല്ലെപ്പോക്ക് നയമാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന് സി.പി.ഐ നേതൃത്വം ആരോപിക്കുന്നു.
കുമരകത്തെ ഗതാഗതക്കുരുക്കിന് കാരണം കോണത്താറ്റ് പാലം
കുമരകത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം കോണത്താറ്റ് പാലമാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാൻ വീതിയുള്ള പാലത്തിൽ കാൽ നടയാത്രപോലും അസാദ്ധ്യമാണ്. ഇടുങ്ങിയ പാലം വേഗത കുറച്ച് പോവുക എന്ന മുന്നറിയിപ്പ് ബോർഡിലൊതുക്കിയിരിക്കുകയാണ് പാലത്തിന്റെ നവീകരണം. പാലത്തിന്റെ കൈവരി തകർന്നു. പകരം പൈപ്പുകൾ സ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്.
പദ്ധതി വിഭാവനം ചെയ്തു; പക്ഷേ...
കോട്ടയം-കുമരകം-ചേർത്തല റോഡ് നിർമ്മാണം ടൂറിസം ഹൈവേ എന്ന നിലയിലായിരുന്നു മുമ്പ് വിഭാവനം ചെയ്തിരുന്നത്. നാറ്റ്പാക് പഠനം നടത്തി പദ്ധതി തയ്യാറാക്കി. കോട്ടയം മുതൽ വെച്ചൂർവരെ 19.514 കിലോമീറ്റർ ഒന്നാംഘട്ടമായും 9.372 കിലോമീറ്റർ രണ്ടാംഘട്ടമായും പൂത്തിയാക്കുകയായിരുന്നു ലക്ഷ്യം. വർഷമേറെ കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നു മാത്രം.