പാലാ: തിങ്കളാഴ്ചയും തിരുവോണനാളും ഷഷ്ഠി ദിനവും ഒത്തുവന്ന ഇന്നലെ ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രത്തിൽ നടന്ന അത്യപൂർവ തിങ്കൾ തിരുവോണ ഷഷ്ഠിപൂജ ഭക്തി നിർഭരമായി. നൂറു കണക്കിനു സ്ത്രീകളാണ് ഇന്നലത്തെ വിശേഷാൽ ഷഷ്ഠിപൂജയിൽ പങ്കെടുത്തത്.
സ്‌കന്ദഷഷ്ഠിയോടടുത്ത് പ്രാധാന്യമുള്ള തിങ്കൾ-തിരുവോണ-ഷഷ്ഠിപൂജ തൊഴുന്നത് വിദ്യാർത്ഥികൾക്കും, വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഏറെ അനുഗ്രഹദായകമാണെന്നാണ് വിശ്വാസം.
ഇന്നലെ രാവിലെ 6 മുതൽ മഹാഗണപതി ഹോമം, തുടർന്ന് വിശേഷാൽ പൂജകൾ, 9 മുതൽ കലശപൂജ, തുടർന്ന് ഷഷ്ഠി കാര്യസിദ്ധിപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, എന്നിവയും നടന്നു. തുടർന്നായിരുന്നു വിശേഷാൽ തിങ്കൾ-തിരുവോണ-ഷഷ്ഠിപൂജ. ശേഷം മഹാഗുരുപൂജയുമുണ്ടായിരുന്നു. മേൽശാന്തി സനീഷ് വൈക്കം മുഖ്യ കാർമ്മികത്വം വഹിച്ചു. എത്തിച്ചേർന്ന മുഴുവൻ ഭക്തർക്കും ഉച്ചയ്ക്ക് 12 മുതൽ തിങ്കൾ-തിരുവോണ-ഷഷ്ഠിയൂട്ടും നടത്തി.