കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും സംഘപരിവാറിന്റെയും നിലപാടുകളിൽ കാപട്യമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ശബരിമല ധർമ്മസംരക്ഷണസമിതി കൺവീനറുമായ പ്രയാർ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആചാരങ്ങൾ ലംഘിക്കാൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ആചാര സംരക്ഷകരാകാൻ ശ്രമിക്കുന്നത് കാപട്യമാണ്. ആക്ടിവിസ്റ്റുകളെ കെട്ടിയിറക്കി ചവിട്ടു നാടകം നടത്തി തിരിച്ചയയ്ക്കുന്ന സി.പി.എം സമീപനം ശബരിമലയിൽ ഇനി നടക്കില്ല. തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തിയത് അറിഞ്ഞില്ലെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പറയുന്നത് മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. സംസ്ഥാന പൊലീസിലെ ഇന്റലിജൻസ് വിഭാഗത്തിന് ഇത് മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ അതിന് മറുപടി പറയേണ്ടത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്.

ശബരിമല വിശ്വാസ ആചാര അനുഷ്ഠാനങ്ങളുടെ കാവൽക്കാർ തങ്ങളാണെന്ന സംഘപരിവാറിന്റെ അവകാശം മറ്റൊരു കാപട്യമാണ്. കേരളത്തിനു പുറത്തുള്ള സി.പി.എം, ആർ.എസ്.എസ് നേതാക്കളുടെ ഒത്താശയോടെയാണ് തൃപ്തിയും കൂട്ടരും കേരളത്തിൽ എത്തിയത് എന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല.