കോട്ടയം: റോഡ് അപകടങ്ങളിൽ ജില്ലയിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന കണക്ക്..! കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോഡ് അപകട മരണങ്ങളിൽ ഒക്‌ടോബർ മാസം 100 ശതമാനത്തിന്റെ വർദ്ധനവ്.

2018 ഒക്ടോബറിൽ 17 പേർ മരിച്ചപ്പോൾ, ഈ ഒക്‌ടോബറിൽ മരിച്ചത് 34 പേരാണ്. അപകട നിരക്ക് കുറഞ്ഞപ്പോഴാണ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നത്. 2018 ൽ 243 അപകടങ്ങളായിരുന്നു ഉണ്ടായത്. ഈ വർഷം 232 ആയി കുറഞ്ഞു. അപകടത്തിൽപ്പെട്ടവരിൽ 43 ശതമാനവും ഇരുചക്ര വാഹന യാത്രക്കാരാണെന്നാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ കണക്ക്. ഇവരിൽ 50 ശതമാനവും സുരക്ഷാ ഉപകരണങ്ങൾ ധരിക്കുന്നില്ലെന്നാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ വർഷം ഒക്‌ടോബറിലുണ്ടായ അപകടങ്ങളിൽ മരിച്ച ഇരുചക്ര വാഹനയാത്രക്കാരിൽ 9 പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.

റോഡ് സുരക്ഷാ അതോറിറ്റിയുടെ കണ്ടെത്തൽ

ഡ്രൈവിംഗിനിടെ 4 ശതമാനം പേർ മൊബൈൽ ഉപയോഗിക്കുന്നു

നഗര മേഖലകളിൽ മൊബൈൽ ഫോൺ ഉപയോഗം രണ്ടു ശതമാനം

ഗ്രാമീണ മേഖലയിൽ മൊബൈൽ ഫോൺ ഉപയോഗം ഒരു ശതമാനം

 ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാതകളിൽ 1.1 ശതമാനം

സംസ്ഥാന പാതകളിൽ 0.8 ശതമാനം പേർ ഫോൺ ഉപയോഗിക്കുന്നു.

2018 ഒക്ടോബറിൽ മരിച്ചത് 17 പേർ

2109 ഒക്‌ടോബറിൽ മരിച്ചത് 34 പേർ

അപകടങ്ങൾ ഒഴിവാക്കാനും നിയമലംഘനങ്ങൾ തടയുന്നതിനുമായി പരിശോധന ശക്തമാക്കും. ഇതിനായി മോട്ടോർ വാഹന വകുപ്പ് സ്‌ക്വാഡ് പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കും.

ടോജോ എം.തോമസ്, ആർ.ടി.ഒ

എൻഫോഴ്സ്‌മെന്റ്, കോട്ടയം