അടിമാലി: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ക്ഷീരകർഷക സംഗമം ഡിസംബർ 4,5 തീയതികളിൽ പണിക്കൻ കുടിയിൽ നടത്തും.
ജില്ലാ ക്ഷീരകർഷകസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഡയറി എക്‌സിബിഷൻ, ക്ഷീരസംഘം ജീവനക്കാർക്കൂള്ള ശില്പശാല, ക്ഷീരകർഷകരെ ആദരിക്കൽ, പൊതു സമ്മേളനം വിവിധ അവാർഡുകളുടെ വിതരണം, ഗവ്യജാലകം തുടങ്ങിയ പരിപാടികൾ നടത്തും. .

ബുധനാഴ്ച്ച രാവിലെ ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദർശന മത്സരം നടക്കും . കറവപ്പശുക്കൾ, കിടാരികൾ, കന്നുകുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും. ഗോരക്ഷാ ക്യാമ്പ് നടക്കും.4 മുതൽ ക്ഷീര സംഘം ജീവനക്കാർക്കും കർഷകർക്കുമായി വിവിധ മത്സരങ്ങൾ . തുടർന്ന് കലാസന്ധ്യ .
വ്യാഴാഴ്ച്ച രാവിലെ 9 ന് ക്ഷീരവികസന സെമിനാറിൽ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എക്സ്റ്റൻഷൻ എം പ്രകാശ് ക്ലാസ്സ് എടുക്കും. രാവിലെ 10.30 ന് പൊതു സമ്മേളനത്തിൽ മന്ത്രി എം എം മണി അദ്ധ്യക്ഷത വഹിക്കും. ക്ഷീര കർഷക സംഗമത്തിന്റെ ഉദ്ഘാടനവും ക്ഷീരമേഖലയ്ക്ക് ഫണ്ട് വകയിരുത്തിയ ജില്ലാ പഞ്ചായത്തിനുള്ള ആദരവും മന്ത്രി കെ രാജു നിർവഹിക്കും. ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള ആദരവും ക്ഷീര മേഖലയ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ ബ്ലോക്ക് പഞ്ചായത്തിനുള്ള ആദരവും അഡ്വ. ഡീൻ കുര്യാക്കോസ് എം പി നിർവഹിക്കും. ക്ഷീര വികസനവകുപ്പ് ഡയറക്ടർ എസ് ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. റോഷി അഗസ്റ്റിൻ എം എൽ എ ക്ഷീരമേഖലയ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ ഗ്രാമപഞ്ചായത്തിനെ ആദരിക്കും. കന്നുകാലി പ്രദർശന വിജയികൾക്ക് പി ജെ ജോസഫ് എം എൽ എ യും, കിടാരികളുടെ ഉടമകളെ എസ് രാജേന്ദ്രൻ എം എൽ എ യും, കന്നുകുട്ടികളുടെ ഉടമകളെ ഇ എസ് ബിജിമോൾ എം എൽ എ യും , ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര സഹകരണ സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്യാ പൗലോസും ആദരിക്കും