എരുമേലി : കൊരട്ടി -കണ്ണിമല ബൈപാസ് റോഡിൽ അപകടങ്ങൾ ഇനി കുറയുമെന്ന് പ്രതീക്ഷിക്കാം. 19 ലക്ഷം ചെലവിട്ട് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്ന റോഡ് സുരക്ഷാ ജോലികൾ അന്തിമഘട്ടത്തിലാണ്. ഒട്ടേറെ തവണ വാഹനങ്ങൾ റോഡിൽ നിന്ന് കൂപ്പുകുത്തി താഴ്ചയിലേക്ക് മറിഞ്ഞ ഉറുമ്പിൽ പടി ഭാഗത്തെ വളവിലും ഇതിനോട് ചേർന്നുള്ള വീതിയില്ലാത്ത കൊടുംവളവിലും ക്രാഷ് ബാരിയർ സ്ഥാപിച്ചുകഴിഞ്ഞു. മണിമലയാറിന്റെ തീരത്തോട് ചേർന്ന് കൊരട്ടിയിൽ റോഡ് ആരംഭിക്കുന്ന ഭാഗങ്ങളിലും ക്രാഷ് ബാരിയർ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ പണികൾ നടന്നുവരുന്നു. ഇവിടെ ഏതാനും ഭാഗം ക്രാഷ് ബാരിയർ മുമ്പ് സ്ഥാപിച്ചിരുന്നത് കാട് കയറി വളർന്ന് മൂടിയ നിലയിലാണ്. കാടുകൾ നീക്കി തെളിക്കുന്ന ജോലിയും ആരംഭിച്ചു. അവശേഷിച്ച ഭാഗം കൂടി ക്രാഷ് ബാരിയറിൽ ആകുന്നതോടെ ഈ ഭാഗത്തെ തീരദേശ പാത കൂടുതൽ സുരക്ഷിതമാകും. ബൈപാസ് റോഡ് അവസാനിക്കുന്ന കണ്ണിമല ഭാഗത്ത് അപകടങ്ങൾ വർദ്ധിച്ചിരുന്ന ഭാഗത്തും ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പണികൾ തീരാറായി. ശബരിമല സീസണിൽ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ ഇതുവഴിയാണ് വഴിതിരിച്ചുവിടുന്നത്. കൂടാതെ നിർദിഷ്ട കളമശ്ശേരി-പമ്പ ഹൈവേക്ക് ഈ ബൈപാസ് റോഡ് തിരഞ്ഞെടുത്തിട്ടുമുണ്ട്. ബസ് സർവീസുകൾ ഇല്ലെങ്കിലും തിരക്കേറിയ പാതയാണിത്. മുണ്ടക്കയത്തിന് എളുപ്പമാർഗമായി വാഹനയാത്രികർ ഉപയോഗിക്കുന്നതും ഈ ബൈപാസ് റോഡാണ്.