കോട്ടയം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല സാഹിത്യമത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കാൻ കോട്ടയത്ത് മേഖലാതലമത്സരം നടത്തി. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്കും പൊതുവിഭാഗത്തിനുമായി പ്രസംഗം, ഉപന്യാസം, ഗുരുദേവ കൃതികളുടെ ആലാപനം എന്നീ ഇനങ്ങളിലായിരുന്നു മത്സരം. എസ്.എൻ.ഡി.പി യോഗം കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം യൂണിയനുകളിൽ നിന്നുള്ള 500 ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെയും കോട്ടയം ശ്രീനാരായണധർമ പഠനകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടന്ന പരിപാടി കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, വൈസ് പ്രസിഡന്റ് വി.എം. ശശി എന്നിവർ സന്നിഹിതരായി. വൈകിട്ട് നടന്ന സമാപന ചടങ്ങിൽ ശിവഗിരി ശ്രീനാരായണധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സാഹിത്യമത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ സജീഷ് കുമാർ സംസാരിച്ചു. കോട്ടയം ശ്രീനാരായണധർമ പഠനകേന്ദ്രം കോ-ഓർഡിനേറ്റർ എ.ബി. പ്രസാദ് കുമാർ, ധർമ്മപ്രചാരകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.